കേന്ദ്രമന്ത്രിയുടെ മകന്‍ കൊലപാതകശ്രമക്കേസില്‍ അറസ്റ്റില്‍; ബിജെപി എംഎല്‍എയുടെ മകന്‍ ഒളിവില്‍

single-img
19 June 2019

കേന്ദ്രമന്ത്രിയായ പ്രഹ്‌ളാദ് സിംഗ് പട്ടേലിന്‍റെ മകന്‍ പ്രബല്‍ പട്ടേല്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. രണ്ട് യുവാക്കളേയും ഹോം ഗാര്‍ഡിനേയും മര്‍ദ്ദിച്ച കേസിലാണ് പ്രബല്‍ പട്ടേലിനെ അറസ്റ്റു ചെയ്തത്. മധ്യപ്രദേശിലെ നരസിംഹപുര്‍ ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹോം ഗാര്‍ഡ് ഈശ്വര്‍ റായി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രബല്‍ പട്ടേലിനൊടൊപ്പം ആറ് പേര്‍കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

മധ്യപ്രദേശ് എംഎല്‍എ ജലാംസിംഗ് പട്ടേലിന്‍റെ മകനായ മോനു പട്ടേലും കേസില്‍ പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നു പോലീസ് അറിയിച്ചു. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്ന രണ്ട് യുവാക്കളെയാണ് പ്രബലും മോനുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. പിന്നീട് ഈശ്വര്‍ റായിയുടെ വീട്ടിലെത്തി റായിയുടെ മകനെ പുറത്തേക്ക് വിളിച്ചിറക്കി ഇരുമ്പ് ദണ്ഡും ബേസ്‌ബോള്‍ ബാറ്റും കൊണ്ട് ആക്രമിച്ചു.

സംഘത്തിന്റെ ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈശ്വര്‍ റായിക്ക് പരിക്കേറ്റത്. ഒരാള്‍ക്ക് നേരെ വെടിവെച്ചെന്നും ആരോപണമുണ്ട്. ഈശ്വര്‍ റായിയുടെ മകന്‍ പ്രബല്‍ പട്ടേലിന്‍റെ സുഹൃത്തായിരുന്നു. അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് ആരോപണം. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.