പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം: സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടിക്കാര്‍ തന്നെ ചതിച്ചുവെന്ന് കുടുംബം

single-img
19 June 2019


കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനാനുമതി നഗരസഭ വൈകിപ്പിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎമ്മിനെതിരെ കുടുംബം രംഗത്ത്. കെട്ടിടത്തിന് അനുമതി കൊടുക്കാത്തതിന് പിന്നില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ വൈരാഗ്യമാണെന്ന് മരിച്ച സാജന്റെ ഭാര്യ ബീന ആരോപിച്ചു.

സി പി എമ്മിന് വേണ്ടി പ്രവര്‍ത്തിച്ചയാളെ പാര്‍ട്ടിക്കാര്‍ തന്നെ ചതിച്ചു. പി ജയരാജന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു. കോടികള്‍ മുടക്കി പണിത കെട്ടിടത്തിന് നഗരസഭ അനുമതി പേപ്പര്‍ നല്‍കില്ലെന്ന ആശങ്കയിലായിരുന്നു സാജന്‍. വെറുതേയൊരു സ്ഥാപനം ഉണ്ടാക്കിയിടേണ്ടി വരുമല്ലോയെന്ന ഭയം സാജനെ വേട്ടയാടിയിരുന്നു. ഏറെ ദിവസങ്ങളായി പെര്‍മിറ്റ് പേപ്പറിന് വേണ്ടി സാജനെ കളിപ്പിച്ചുവെന്നും ഭാര്യ ആരോപിക്കുന്നു. സ്വന്തം പാര്‍ട്ടിക്കാരാണ് കൂടെ നിന്ന് ചതിച്ചതെന്നും ഭാര്യ പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സാജനെ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപ മുടക്കിയാണ് കണ്ണൂര്‍ ബക്കളത്ത് സജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്.

കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ അത് തടഞ്ഞുവച്ചു. നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനമുണ്ടെന്ന് പറഞ്ഞ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ സാജന്‍ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ നടപടി നഗരസഭ ചെയര്‍പേഴ്സന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്‌സ് മാനേജര്‍ സജീവന്‍ ആരോപിച്ചു.