17ാം ലോക്സഭയിലെ ആദ്യ ബില്ലായി ശബരിമല: എന്‍.കെ.പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും

single-img
19 June 2019

ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ മഴക്കാല സമ്മേളനത്തിന്‍റെ ഭാഗമായുള്ള നടപടികള്‍ക്ക് ഇന്ന് ലോക്സഭയില്‍ തുടക്കമാവും. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോക്സഭയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഇതിനുള്ള അനുമതി അദ്ദേഹത്തിന് ലഭിച്ചു. ചരിത്ര നിയോഗമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. 

Support Evartha to Save Independent journalism

ശബരിമലയിലെ തല്‍സ്ഥി തുടരണമെന്ന് ബില്ലില്‍ പറയുന്നു. യുവതീപ്രവേശം അനുവദിച്ചുെകാണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണം. സുപ്രീംകോടതിയിലെ പുന:പരിശോധന ഹര്‍ജിയിലോ, കോടതികളിലെ മറ്റ് ഹര്‍ജികളിലോ യുവതീപ്രവേശനത്തിന് അനുകൂല വിധിയുണ്ടായാല്‍ ബാധകമാകില്ല. സംസ്ഥാന–കേന്ദ്രസര്‍ക്കാരുകള്‍ വിശ്വാസസംരക്ഷണം ഉറപ്പാക്കണം. ബില്ലിലെ വ്യവസ്ഥകള്‍ ഇവയാണ്.

വെള്ളിയാഴ്ച ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന് അനുമതി കിട്ടിയിരിക്കുന്നത്. 17-ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരിക്കും ഇത്. ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബില്‍ അവതരണം അടക്കമുള്ള നടപടികളിലേക്ക് സഭ കടക്കുക. 

യുവതീപ്രവേശത്തെ തുറന്നെതിര്‍ക്കുന്ന ബിജെപിയെ വലയ്ക്കുന്നതാണ് ബില്‍. വിശ്വാസസംരക്ഷണത്തിന് ഭരണഘടനയുടെ വഴിതേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി പ്രകടനപത്രികയിലും ശബരിമല ആചാരണ സംരക്ഷണം ഉള്‍പ്പെടുത്തിയിരുന്നു.

കേരളത്തിലെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നം സഭയില്‍ ഉന്നയിക്കാന്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനും അനുമതി കിട്ടിയിട്ടുണ്ട്.