മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളിയെയും ജൂതവംശജരെയും ലക്ഷ്യം വെച്ച് ഭീകരാക്രമണ സാധ്യത; സുരക്ഷ വര്‍ദ്ധിപ്പിച്ചു

single-img
19 June 2019

ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി കൊച്ചിയില്‍ ആരാധനാലയങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൊച്ചി മട്ടാഞ്ചേരിയില്‍ ജൂതപ്പള്ളിയെയും ജൂതവംശജരെയും ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് വിവരം. നഗരമാകെ കൊച്ചി സിറ്റി പോലീസ് സുരക്ഷയും പരിശോധനയും കര്‍ശനമാക്കി. മട്ടാഞ്ചേരിയില്‍ പള്ളിക്ക് മുന്നിലെ എയ്ഡ് പോസ്റ്റില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും പ്രത്യേക പട്രോളിംഗ് സംഘത്തെ ചുമതലപ്പെടുത്തിയുമാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഭീകരാക്രമണ സാദ്ധ്യതയെ മുന്‍നിര്‍ത്തി മാര്‍ച്ചില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു. അന്ന് ഫോര്‍ട്ട്കൊച്ചിയിലും ഗോവയിലും ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡില്‍ നടന്ന ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്ത് പലയിടങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്.

മൂന്ന് വര്‍ഷം മുന്‍പ് ഐസിസ് ഭീകരരുടെ കേരള ഘടകം അന്‍സാറുള്‍ ഖലീഫ കൊച്ചിയിലെ ജൂതപ്പള്ളിയും ജൂതവംശജരെയും ലക്ഷ്യംവെച്ച് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് കേന്ദ്ര ഐബിക്കു വിവരം കൈമാറിയിരുന്നു. ഒക്ടോബര്‍ മാസം രണ്ടിനായിരുന്നു ജൂതന്‍മാരുടെ പുതുവത്സരം. ഈ സമയത്ത് ഇസ്രയേലില്‍ നിന്നും നിരവധി ടൂറിസ്റ്റുകള്‍ ഇന്ത്യയിലെത്തിയിരുന്നു. ഇവരുടെ സുരക്ഷ ഇന്ത്യ ഉറപ്പുവരുത്തണമെന്നായിരുന്നു അന്ന് ഇസ്രയേല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.