കടലാക്രമണം: തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരി സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

single-img
19 June 2019

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരി സ്പെഷ്യല്‍ വിഹിതമായി സൗജന്യമായി വിതരണം ചെയ്യും. സംസ്ഥാന ഫിഷറീസ് വകുപ്പില്‍ നിന്ന് ലഭിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാകും അര്‍ഹരായവരെ കണ്ടെത്തുക. അരി വിതരണത്തിനുള്ള ചെലവ് സിവില്‍ സപ്ലൈസ് വകുപ്പിന് അനുവദിച്ച ബജറ്റ് വിഹിതത്തില്‍ നിന്നും നല്‍കും. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

അതോടൊപ്പം തീരപ്രദേശങ്ങളില്‍ വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരുദ്ധാരണ പദ്ധതിക്ക് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഭാഗികമായി വിനിയോഗിക്കും. കൂടെ 100 കോടി രൂപ ജലവിഭവ വകുപ്പിന്‍റെ പ്രവൃത്തികള്‍ക്ക് നല്‍കണമെന്ന ഭേദഗതികൂടി മന്ത്രിസഭ അംഗീകരിച്ചു.

മറ്റ് പ്രധാന മന്ത്രിസഭായോഗ തീരുമാനങ്ങള്‍:

ഫിഷറീസ് വകുപ്പിന്‍റെ കീഴില്‍ ഒന്നാം ഘട്ടമായി 16 ഉള്‍നാടന്‍ മത്സ്യഭവനുകള്‍ പുതുതായി ആരംഭിക്കും. ഇതിലേക്ക് ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസറുടെയും സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസിന്‍റെയും 16 വീതം തസ്തികകള്‍ സൃഷ്ടിക്കും.

ശുചിത്വമിഷനില്‍ അസിസ്റ്റന്‍റ് കോ-ഓഡിനേറ്റര്‍ (ഐ.ഇ.സി), അസിസ്റ്റന്‍റ് കോ-ഓഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) എന്നിങ്ങനെ 14 തസ്തികകള്‍ വീതം സൃഷ്ടിക്കും. ഈ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തും.

ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, ആലപ്പുഴ – ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ നിര്‍മാണം, ശംഖുമുഖം എയര്‍പോര്‍ട്ട് റോഡ് പുനര്‍നിര്‍മാണം തുടങ്ങിയവയ്ക്ക് ആവശ്യമായിവരുന്ന തുക കേരള പുനര്‍നിര്‍മാണത്തിനായി ലോക ബാങ്ക് ലഭ്യമാക്കുന്ന വായ്പയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.

ഇന്‍റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം എന്ന പദ്ധതിക്കായി ജര്‍മ്മന്‍ ഫണ്ടിങ് ഏജന്‍സിയായ കെ.എഫ്.ഡബ്ല്യൂവില്‍ നിന്നും 1.8 മില്യണ്‍ യൂറോ സാമ്പത്തിക സഹായം ലഭിക്കുന്നതിന് കെ.എം.ആര്‍.എല്‍ സമര്‍പ്പിച്ച പ്രോജക്ട് എഗ്രിമെന്‍റും ഫൈനാന്‍സിങ്ങ് എഗ്രിമെന്‍റും അംഗീകരിച്ചു.

പ്രശസ്ത സാഹിത്യകാരന്‍ യുഎ ഖാദറിന്‍റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ചു.