ദിവസവും വേദനയിലൂടെയാണു കടന്നുപോകുന്നതെന്ന് എച്ച്.ഡി.കുമാരസ്വാമി: കര്‍ണാടക പി.സി.സി പിരിച്ചുവിട്ടു

single-img
19 June 2019

കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തിൽ തർക്കങ്ങൾ രൂക്ഷമായിരിക്കേ കർണാടക പി.സി.സി. പിരിച്ചുവിട്ട് കോൺഗ്രസ് ദേശീയ നേതൃത്വം. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കർണാടക പി.സി.സി. പിരിച്ചുവിട്ടതയി ബുധനാഴ്ച പ്രസ്താവന പുറത്തിറക്കിയത്.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും വർക്കിങ് പ്രസിഡന്റ് ഈശ്വർ ഖന്ദ്രേയും തൽസ്ഥാനങ്ങളിൽ തുടരുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു.

അതേസമയം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ തങ്ങൾ നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ആവശ്യപ്പെട്ടിരുന്നതായി പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ മാത്രമല്ല, ജില്ലാ കമ്മിറ്റികളിലും ബ്ലോക്ക് കമ്മിറ്റികളിലും പുന: സംഘടന നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സഖ്യസർക്കാരിനെ നിലനിർത്തുന്നതിലുള്ള വിഷമതകൾ പറയാതെ പറഞ്ഞ് മുഖ്യമന്ത്രി കുമാരസ്വാമി. ” എന്റെ വേദനയെ കുറിച്ച് നിങ്ങളോട് പറയുന്നില്ല. കാരണം ഞാന്‍ ഒരു മുഖ്യമന്ത്രികൂടിയാണ്. ഓരോ ദിവസവും ഈ വേദന സഹിച്ചാണ് മുന്നോട്ടുപോകുന്നത്. അത് ഞാന്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആര് പരിഹരിക്കും”- കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ മറുപടി.

സര്‍ക്കാര്‍ നന്നായി തന്നെ മുന്നോട്ടു പോകണം. ഉദ്യോഗസ്ഥരില്‍ എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അതുകൊണ്ട് സര്‍ക്കാരും സുരക്ഷിതമായിരിക്കും. ഇതെല്ലാമാണ് എന്റെ ഉത്തരവാദിത്തങ്ങള്‍- കുമാരസ്വാമി പറഞ്ഞു.

എംഎൽഎമാരുടെ കൂറുമാറ്റ വിഷയത്തിൽ ബിജെപിയും ഭരണസഖ്യവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണു കുമാരസ്വാമിയുടെ പ്രസ്താവന. എന്നാൽ പ്രശ്നങ്ങൾ തുടരുമ്പോഴും ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കാനാണു സഖ്യത്തിന്റെ തീരുമാനം.