ദൂരദര്‍ശന്‍ സംപ്രേഷണം ഇനി ബംഗ്ലാദേശിലും തെക്കൻ കൊറിയയിലും; ഇന്ത്യയുമായി കരാർ ഒപ്പുവെച്ചു

single-img
19 June 2019

നമ്മുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ ഇനി ബംഗ്ലാദേശിലും തെക്കൻ കൊറിയയിലും സംപ്രേഷണം ചെയ്യുന്നതിനുള്ള കരാറില്‍ ഇന്ത്യ ഒപ്പു വച്ചു. ഈ രാജ്യങ്ങളുടെ ഔദ്യോഗിക മാധ്യമങ്ങള്‍ ഇന്ത്യയിലും സംപ്രേഷണം ചെയ്യും. ഭാവിയില്‍ ദൂരദർശൻ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കരാര്‍ പ്രകാരം ബംഗ്ലാദേശിന്‍റെ ബിടിവി വേള്‍ഡ്, ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്‍റെ കെബിഎസ് വേള്‍ഡ് എന്നിവ ഇന്ത്യയിലും സംപ്രേക്ഷണം ചെയ്യും.

ഈ ചാനലുകള്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഡിടിഎച്ചുകളില്‍ ലഭ്യമാക്കും. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ബിടിവി (ബംഗ്ലാദേശ് ടിവി)ക്ക് പ്രേക്ഷകരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലായം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹകരണം വളര്‍ത്താനും ഇത് സഹായിക്കുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ ദൂരദര്‍ശന്‍റെ സൗജന്യ ഡിഷ് സംവിധാനം 4 കോടിയിലേറെ പേര്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.