അറസ്റ്റ് പേടിച്ച് ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന്

single-img
19 June 2019


ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. പരാതി നല്‍കിയ യുവതിയില്‍ നിന്നും പൊലീസ് ഉടന്‍ മൊഴി രേഖപ്പെടുത്തും.

യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ട്.

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡി എന്‍ എ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബിനോയ് കോടിയേരിക്കെതിരായ പരാതി അന്വേഷിക്കാന്‍ മുബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കേസിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ കൈ കഴുകുമ്പോള്‍ പ്രതിപക്ഷം ഇന്ന് സിപിഎമ്മിനെതിരെ രംഗത്തെത്തി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ പാര്‍ട്ടി ഇടപെടില്ലെന്നാണ് ഇന്നും സിപിഎം വിശദീകരണം. അതേസമയം, വിഷയത്തില്‍ ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല.

അതിനിടെ യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബെയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.