ബിനോയ് കോടിയേരിക്കെതിരെ യുവതി ആദ്യം പരാതി നല്‍കിയത് സിപിഎം കേന്ദ്രനേതൃത്വത്തിന്

single-img
19 June 2019


ബിനോയ് കോടിയേരിക്കെതിരെ യുവതി പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് കത്തു മുഖേന യുവതി പരാതി നല്‍കിയിരുന്നത് എന്നാണ് വിവരം. ജൂണ്‍ പതിമൂന്നിനാണ് യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് ബിനോയ് കോടിയേരിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനും വളരെ മുമ്പുതന്നെ യുവതി സി പി എമ്മിന്റെ കേന്ദ്രനേതാക്കള്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

സിപിഎം കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ നേതാക്കളാരും തന്നെ വിഷയത്തില്‍ ഇടപടേണ്ടതില്ലെന്നാണു കേന്ദ്രം നിലപാടെടുത്തത്.

നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോഴും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെട്ട് കോടിയേരി ബാലകൃഷ്ണനില്‍നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദുബായില്‍ ഡാന്‍സ് ബാറില്‍ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്.

അതിനിടെ, പീഡനപരാതിയില്‍ മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിക്കും. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ഇരുവരുടേയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പരിശോധിക്കും. യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുള്ളവയും ശേഖരിക്കും. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിനോയിയോട് ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.

പ്രതികരിച്ചില്ലെങ്കില്‍ സമന്‍സ് അയക്കുന്നതടക്കമുളള നടപടികളിലേക്ക് കടക്കും. സാമ്പത്തിക വാഗ്ദാനത്തില്‍നിന്ന് ബിനോയ് പിന്മാറിയതോടെയാണ് യുവതി ഡിസംബറില്‍ അഞ്ചുകോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസ് അയച്ചത്. ഇത് ബിനോയ് അവഗണിച്ചതോടെ ഈ മാസം 13ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.