ബിനോയ് കോടിയേരിക്ക് കുരുക്കിട്ട് മുംബൈ പൊലീസ്

single-img
19 June 2019

പീഡനക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിനോയ് കോടിയേരിയോട് ആവശ്യപ്പെടുമെന്നു മുംബൈ പൊലീസ്. പ്രതികരിച്ചില്ലെങ്കില്‍ സമന്‍സ് അയയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കു കടക്കുമെന്നും ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

യുവതി ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്ന ബിനോയിയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നുമാണ് ഓഷിവാര പൊലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പാസല്‍ക്കര്‍ പറഞ്ഞത്.

അതിനിടെ, ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പീഡനക്കേസ് ഫയല്‍ ചെയ്ത യുവതി പറഞ്ഞു. എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ വിശദീകരിക്കാനില്ലെന്നും നഗരപ്രാന്തമായ മീരാ റോഡില്‍ താമസിക്കുന്ന യുവതി പറഞ്ഞു.

ബിനോയിയും യുവതിയും തമ്മില്‍ തെറ്റിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പ്രമുഖരുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചെന്നും അന്നത്തെ സാമ്പത്തിക സഹായ വാഗ്ദാനം ബിനോയ് ലംഘിച്ചതിനാലാണ് യുവതി കേസ് നല്‍കിയതെന്നുമാണ് അറിയുന്നത്.

കുട്ടിയെ വളര്‍ത്താനും മറ്റു ചെലവുകള്‍ക്കുമായി 5 കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബറില്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. അത് അവഗണിച്ചതോടെയാണത്രേ ഈ മാസം 13ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

ഡിസംബറില്‍ അയച്ചെന്ന് പറയുന്ന വക്കീല്‍ നോട്ടീസില്‍ തങ്ങള്‍ വിവാഹിതരാണെന്നാണ് യുവതി അവകാശപ്പെടുന്നത്. എന്നാല്‍, ഇപ്പോഴത്തെ എഫ്‌ഐആറില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ആരോപണം.

അതേസമയം, യുവതി കേസ് നല്‍കി ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് ബിനോയ് കോടിയേരി പറഞ്ഞു. പരാതിക്കാരിയെ പരിചയമുണ്ടെങ്കിലും പരാതി വസ്തുതാവിരുദ്ധമാണ്. നേരത്തെ 5 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. 4 മാസം മുന്‍പു തനിക്കെതിരെ മറ്റൊരു പരാതിയും നല്‍കി. യുവതിക്കെതിരെ താനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.