‘ഞാന്‍ പാക് ടീമിന്റെ ഡയറ്റീഷ്യനല്ല, അവരുടെ അമ്മയോ ടീച്ചറോ അല്ല’; വീണാ മാലിക്കിനെതിരെ പൊട്ടിത്തെറിച്ച് സാനിയ മിര്‍സ

single-img
18 June 2019

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെതിരെ ആരാധകരോഷം പുകയുന്നു. മത്സരത്തലേന്ന് പാക് ടീമിലെ സീനിയര്‍ താരമായ ഷൊയൈബ് മാലിക്കും ടീമിലെ മറ്റ് ചിലരും പാതിരാത്രിവരെ മാഞ്ചസ്റ്ററിലെ ഷിഷാ കഫേയില്‍ ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ആരാധകര്‍ പുറത്തുവിട്ടത്.

ഇന്ത്യന്‍ ടെന്നീസ് താരവും ഷൊയൈബിന്റെ പത്‌നിയുമായ സാനിയ മിര്‍സയും ഇവര്‍ക്കൊപ്പമുണ്ട്. മാലിക്കിനൊപ്പം മറ്റു പാക് താരങ്ങളായ വഹാബ് റിയാസ്, ഇമാം ഉള്‍ ഹഖ് എന്നിവരുമുണ്ട്. ഇതോടെ ഇന്ത്യക്കെതിരെ തോറ്റതിന് കാരണം പാക് ടീമിന്റെ ജങ്ക് ഫുഡ് പ്രേമമാണെന്ന വിമര്‍ശനവും ആരാധകര്‍ ഉയര്‍ത്തിയിരുന്നു.

ഇതിനിടെ സാനിയാ മിര്‍സക്കെതിരെ പാക് റിയാലിറ്റി ഷോ താരം വീണാ മാലികും രംഗത്തെത്തി. അത്തരമൊരു ഇടത്ത് സ്വന്തം കുഞ്ഞിനെ കൊണ്ടുപോയ സാനിയയുടെ നടപടിയേയായിരുന്നു വീണാ മാലിക് വിമര്‍ശിച്ചത്.

‘സാനിയ നിങ്ങളുടെ കുട്ടിയെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഒരിക്കലും അവനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോകരുത്. അത് വാണിജ്യപരമായ എന്ത് ആവശ്യങ്ങള്‍ക്കായാലും. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ കായികതാരങ്ങള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കുന്നതും നല്ലതല്ല. കായികതാരമെന്ന നിലക്കും അമ്മയെന്ന നിലക്കും ഇക്കാര്യം നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ’. എന്നായിരുന്നു വീണാ മാലിക്കിന്റെ ട്വീറ്റ്.

എന്നാല്‍ വീണ മാലിക്കിന് മുഖത്തടിച്ച മറുപടിയുമായി സാനിയ രംഗത്തെത്തി. താന്‍ മകനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോയിട്ടില്ലെന്നും മറ്റേതൊരു അമ്മയേക്കാളും താന്‍ മകനെ സ്‌നേഹിക്കുന്നുണ്ടെന്നും പറഞ്ഞ സാനിയ താന്‍ പാക് ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനല്ലെന്നും അവരുടെ അമ്മയോ ടീച്ചറോ ഒന്നുമല്ലെന്നും മറുപടി നല്‍കി. പിന്നീട് അല്‍പം മയപ്പെടുത്തി തന്റെ കാര്യത്തില്‍ വീണ എടുക്കുന്ന പരിഗണനക്ക് നന്ദി പറയുന്നുവെന്നും പിന്നീട് ട്വീറ്ററില്‍ കുറിച്ചു.

”അവര്‍ക്ക് എപ്പോള്‍ എങ്ങനെ ഉറങ്ങണം, ഉണരണം, ഭക്ഷണം കഴിക്കണം എന്നൊക്കെ അറിയാം. കൂടാതെ എന്റെ കുഞ്ഞിനെ കുറിച്ച് ആശങ്കപ്പെടുന്ന വീണ, മാഗസിന്‍ കവറായി അച്ചടിച്ചുവന്ന സ്വന്തം നഗ്‌ന ചിത്രം നിങ്ങളുടെ മക്കള്‍ കാണുന്നത് അപകടകരമല്ലേ എന്റെ കുഞ്ഞിനെ കുറിച്ച് ആശങ്കപ്പെട്ടതിന് നന്ദി” എന്നും സാനിയ നേരത്തെ, എഴുതിയെങ്കിലും പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ഡിന്നര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാനിയ മിര്‍സ നേരത്തെ രംഗത്തെത്തിയിരുന്നു. കുഞ്ഞ് കൂടി ഉണ്ടായിട്ടും അനുവാദമില്ലാതെ വീഡിയോയെടുത്ത് പ്രചരിപ്പിച്ചത് സ്വകാര്യതയെ മാനിക്കാതെയാണെന്നും വീഡിയോയോ ചിത്രങ്ങളോ എടുക്കാന്‍ അനുവാദമില്ലായിരുന്നിട്ടും അത് ചെയ്തുവെന്നും സാനിയ ട്വീറ്റ് ചെയ്തിരുന്നു. മത്സരത്തിന് തലേദിവസം അത്താഴത്തിനാണ് ഒരുമിച്ച് കൂടിയത്. ഒരു മത്സരത്തില്‍ തോറ്റാലും ആളുകള്‍ക്ക് ഭക്ഷണം കഴിക്കേണ്ടെയെന്നും വിഡ്ഢികളുടെ കൂട്ടമാണ് ഇവരെന്നുമായിരുന്നു സാനിയയുടെ പരിഹാസം.