‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; മോദിയുടെ ആശയത്തോട് വിയോജിപ്പ്‌; പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗത്തില്‍ മമത പങ്കെടുക്കില്ല

single-img
18 June 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി പങ്കെടുക്കില്ല. മോദി മുന്നോട്ടു വെക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണക്കാന്‍ സാധിക്കാത്തതാണ് മമത യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം.

പ്രധാനമന്ത്രി മുന്നോട്ടു വെക്കുന്ന ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് സങ്കീര്‍ണവും ഉടന്‍ തീരുമാനമെടുക്കേണ്ട വിഷയമല്ല. രാജ്യത്തെ ഭരണഘടനാ വിദഗ്ധരുമായും തെരഞ്ഞെടുപ്പ് വിദഗ്ധരുമായും ഈ വിഷയം ചര്‍ച്ച നടത്തണമെന്നും മമത കത്തില്‍ വ്യക്തമാക്കി. ഏറ്റവും കുറഞ്ഞത് എല്ലാ പാര്‍ട്ടികള്‍ക്കും ഒരു വെള്ളപേപ്പറെങ്കിലും നല്‍കി ഒറ്റതെരഞ്ഞെടുപ്പ് വിഷയത്തില്‍ അഭിപ്രായമാരായുകയെങ്കിലും വേണം- മമത പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ അങ്ങിനെ ചെയ്‌താല്‍ തങ്ങളുടെ അഭിപ്രായവും എഴുതി നല്‍കാമെന്നും മമത കത്തില്‍ പറഞ്ഞു.
രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ 117 ജില്ലകളെ തെരഞ്ഞെടുത്ത് പ്രത്യേക വികസനം നടത്തുന്ന പദ്ധതിയെയും മമത എതിര്‍ത്തു. രാജ്യത്തെ എല്ലാ ജില്ലകളിലും വികസനം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ഏതെങ്കിലും ചില സംസ്ഥാനങ്ങളെ തെരഞ്ഞെടുത്ത് വികസനമെത്തിക്കുകയല്ല ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. കേന്ദ്രം വിളിച്ചു ചേര്‍ത്ത നിതി ആയോഗ് യോഗത്തിലും മമതാ ബാനര്‍ജി പങ്കെടുത്തിരുന്നില്ല.