`പ്രശ്നപരിഹാരത്തിന് എത്ര രൂപ തരാനാകു´മെന്ന് എഴുതിച്ചോദിച്ച് കെെക്കൂലി വാങ്ങൽ; കോട്ടയം നഗരസഭയിലെ വനിതാ അസി. എൻജിനിയർ ഡെയ്സിയെ വിജിലൻസ് പിടികൂടി

single-img
18 June 2019

വഴി തർക്കം പരിഹരിക്കാൻ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കോട്ടയം നഗരസഭയിലെ വനിതാ അസി. എൻജിനിയറെ വിജിലൻസ് പിടികൂടി. പ്രശ്നപരിഹാരത്തിന് എത്ര രൂപ തരാനാകും എന്ന് പരാതിക്കാരനോട് ആരാഞ്ഞ് എൻജിനിയർ എഴുതിയ കടലാസു തുണ്ടും ഇവരുടെ മേശവലിപ്പിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.

കാരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനിൽ എം.പി. ഡെയ്സിയെയാണ് പിടികൂടിയത്. ചാലുകുന്ന് സ്വദേശി ഏപ്രിൽ 16 നാണ് അയൽവാസി വഴി ഉയർത്തിക്കെട്ടിയതിനെതിരെ നഗരസഭയിൽ പരാതി നൽകിയത്. എന്നാൽ സ്ഥലം പരിശോധിക്കുന്നതിന് അയ്യായിരം രൂപ നൽകണമെന്ന് അസി. എൻജിനിയർ ആവശ്യപ്പെട്ടുവെന്നാണ് കേസ്. പല തവണയായി അഞ്ഞൂറും നൂറും കൈപ്പറ്റുകയും ചെയ്തു. മുഴുവൻ തുക നൽകാത്തതിനാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ പരാതിക്കാരൻ വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിനെ സമീപിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുമായി പരാതിക്കാരൻ ഡെയ്സിയുടെ കാബിനിൽ എത്തുകയും പണം നൽകുകയുമായിരുന്നു. എന്നാൽ പണം കൈയിൽ വാങ്ങാതെ മേശ വലിപ്പിലേക്ക് ഇടാൻ ഡെയ്സി നിർദ്ദേശിച്ചു. മേശ വലിപ്പിൽ പണം ഇട്ടശേഷം പരാതിക്കാരൻ പുറത്തേക്ക് ഇറങ്ങിയതും ഡിവൈഎസ്പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ വിജിലൻസ് പിന്നാലെ കയറി ഡെയ്സിയെ പിടികൂടുകയായിരുന്നു.

കൈക്കൂലിക്ക് തെളിവായി തുണ്ടുകടലാസ്വിജിലൻസ് ഡെയ്സിയിൽ നിന്നു പിടിച്ചെടുത്ത തുണ്ട് കടലാസിൽ കൂടുതൽ പേരിൽ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ സൂചനകളുണ്ടെന്ന് വിജിലൻസ് പറയുന്നു. ഹൗ മെനി യു വിൽ ഗീവ് മീ (നിങ്ങളെനിക്ക് എത്ര തരും) എന്ന് ഇംഗ്ലീഷിലും, വഴി തർക്കം പരിഹരിക്കുന്നത് സംബന്ധിച്ച് വേണോ വേയോ എന്ന് മലയാളത്തിലും എഴുതി ചോദിച്ചിട്ടുണ്ട്. മറ്റാരുമായോ ഇരുപതിനായിരം രൂപയുടെ വിലപേശൽ നടത്തിയയതിന്റെ രേഖകളും തുണ്ടുകടലാസിലുണ്ട്.മുഴുവൻ നിയമലംഘനമാണെന്നും, കാർപാർക്കിംഗ് ഇല്ലെന്നും, ഫുൾ റിസ്‌കാണെന്നും ഇരുപതിനായിരം രൂപ വേണമെന്നും എഴുതിയിട്ടുണ്ട്.

ഇവരുടെ മേശയിൽ നിന്ന് കണക്കിൽപ്പെടാത്ത 8500 രൂപ കൂടി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം നഗരസഭയുടെ നാട്ടകം സോണൽ ഓഫീസിലെ സീനിയർ ക്ലാർക്ക് എം.ടി. പ്രമോദിനെയും വിജിലൻസ് കൈക്കൂലിക്കേസിൽ പിടികൂടിയിരുന്നു.