മുപ്പതോളം വിദ്യാര്‍ഥികള്‍ ബസിന് മുകളില്‍ നിന്ന് താഴേയ്ക്ക് വീണു; ഞെട്ടിത്തരിച്ച് ചെന്നൈ നഗരം: വീഡിയോ

single-img
18 June 2019

ചെന്നൈയില്‍ കോളേജ് തുറക്കുന്ന ദിവസം ബസുകള്‍ പിടിച്ചെടുത്ത് വിദ്യാര്‍ഥികള്‍ നടത്തുന്ന ‘ബസ് ഡേ’ ആഘോഷത്തിനിടെ അപകടം. നഗരത്തിലെ തിരക്കിലൂടെ ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളില്‍ നൃത്തം ചെയ്യുന്നതിനിടെ ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മുപ്പതോളം വിദ്യാര്‍ഥികള്‍ ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസ് പെട്ടെന്ന് നിര്‍ത്തിയതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ 17 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. 24 പേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെന്നൈ പച്ചയ്യപ്പാസ് കോളേജ് വിദ്യാര്‍ഥികളാണ് പിടിയിലായവരിലധികവും. പച്ചയ്യപ്പാസ് കോളജിലെയും അംബേദ്കര്‍ കോളജിലെയും ബസ് ഡേ അഘോഷങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്.

ബസ് ഡേ ആഘോഷത്തിനെതിരെ സംസ്ഥാനത്ത് കോടതി വിലക്കും പൊലീസിന്റെ നിരന്തര മുന്നറിയിപ്പുകളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് യാത്രക്കാരെ ബന്ദിയാക്കി നഗരത്തില്‍ വന്‍ ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികളുടെ ഈ അപകടകരമായ ആഘോഷം. വേനലവധിക്കു ശേഷം കോളജ് തുറക്കുന്ന ദിവസം സ്ഥിരമായി യാത്രചെയ്യുന്ന ബസ് റൂട്ടുകളിലാണ് വിദ്യാര്‍ഥികളുടെ ഈ ആഘോഷം. 2011– ല്‍ മദ്രാസ് ഹൈക്കോടതി ബസ് ഡേ ആഘോഷത്തിന് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.

https://twitter.com/tweetstonaveen/status/1140817554513883136