പണം വാരിയെറിഞ്ഞ് സൗഹൃദം നേടി, ദുബായിലെ വീട്ടിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു; ബിനോയുടെ തനിനിറം അറിയുന്നത് സാമ്പത്തിക തട്ടിപ്പുകേസിൽ ഉൾപ്പെട്ടതോടെ; യുവതിയുടെ പരാതിയിലെ വിശദാംശങ്ങൾ

single-img
18 June 2019

ബിനോയ് കോടിയേരിക്കെതിരെ യുവതി നൽകിയ പരാതിയിലെ വിശദാംശങ്ങൾ പുറത്ത്. പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയാണ് തന്റെ സൗഹൃദം നേടിയതെന്നും താൻ പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും അവർ പരാതിയിൽ പറയുന്നു. ഈ ഡാന്‍സ് ബാറിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ബിനോയി. വിശ്വാസം ആര്‍ജിക്കുന്നതിനായി അയാള്‍ എനിക്ക് മേലെ ഡാന്‍സ് ബാറില്‍ വെച്ച് കറൻസി നോട്ടുകൾ വർഷിക്കുമായിരുന്നു. തന്റെ ഫോണ്‍നമ്പര്‍ കൈക്കലാക്കിയ ബിനോയി, തന്നെ വിളിക്കാന്‍ തുടങ്ങിയെന്നും പരാതിയിൽ യുവതി പറയുന്നുണ്ട്.

അച്ഛന്റെ മരണത്തോടെ സാമ്പത്തികമായി തകര്‍ന്ന യുവതിയും കുടുംബവും 2007 ല്‍ മുംബൈയിലെ സഹോദരിയുടെ വീട്ടിലേക്ക് വന്നു. ഇവിടെ നിന്നുമാണ് 2009 സെപ്തംബറില്‍ ദുബായിലെ മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ നര്‍ത്തകിയായി ജോലിക്ക് ചേര്‍ന്നുവെന്നും യുവതി വ്യക്തമാക്കുന്നു. പണവും വിലയേറിയ പാരിതോഷികങ്ങളും നല്‍കി ബിനോയി തന്റെ വിശ്വാസം നേടുകയായിരുന്നു. ദുബായില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തുകയാണെന്നാണ് ബിനോയി പറഞ്ഞിരുന്നത്.

ക്രമേണ ബിനോയി അടുത്ത സുഹൃത്തായി മാറി. ഇതിന് ശേഷമാണ് അദ്ദേഹം വിവാഹവാഗ്ദാനം നല്‍കിയത്. ബാറിലെ ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്നും ബിനോയി പറഞ്ഞു. 2009 ഒക്ടോബറില്‍ ബിനോയി ദുബായിലെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ചാണ് തന്നെ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് പലതവണ ശാരീരിക ബന്ധം തുടര്‍ന്നു. അങ്ങനെ ദുബായില്‍ വെച്ച് ഗര്‍ഭിണിയായെന്നും യുവതി പറയുന്നു. .

2010 ഫെബ്രുവരിയില്‍ മുംബൈ അന്ധേരി വെസ്റ്റില്‍ ഫ്‌ലാറ്റ് വാടകക്കെടുത്ത ബിനോയി കോടിയേരി, തന്നെ അവിടെ താമസിപ്പിച്ചു. വാടക ബിനോയിയയാണ് നല്‍കിയിരുന്നത്. അപ്പോഴെല്ലാം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തന്നെ വീട്ടുകാരുടെ മുന്നില്‍ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴും ബിനോയി ഒഴിഞ്ഞുമാറിയെന്നും യുവതി പറയുന്നുണ്ട്.  

2010 ജൂലൈ 22 ന് താന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആശുപത്രിയിലും തുടര്‍ന്നും ബിനോയി സ്ഥരമായി തന്നെയും കുഞ്ഞിനെയും സന്ദര്‍ശിച്ചിരുന്നു. 2011 ല്‍ മില്ലറ്റ് നഗറിലെ മറ്റൊരു വീട്ടിലേക്ക് തന്നെയും കുഞ്ഞിനെയും മാറ്റി. തന്റെ അമ്മയുടെ ആവശ്യപ്രകാരം വിവാഹം ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, കുട്ടിയുടെ ഒന്നാം പിറന്നാളിന് വിവാഹം കഴിക്കാമെന്ന് ബിനോയി പറഞ്ഞിരുന്നു. ചെലവിനുള്ള പണവും ബിനോയി അയച്ചു തന്നിരുന്നുവെന്നും എന്നാൽ 2014 ല്‍ വാടക കാലാവധി കഴിഞ്ഞപ്പോള്‍, ജോഗേശ്വരിയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് തന്നെയും കുഞ്ഞിനെയും അങ്ങോട്ടേക്ക് മാറ്റുകയായിരുന്നുവെന്നും യുവതി പറയുന്നു.

2015 ല്‍ തന്റെ ബിസിനസ്സ് തകര്‍ന്നെന്നും, വാടക അടക്കം നല്‍കാനുള്ള പണം ഇല്ലെന്നും ബിനോയി അറിയിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. 2018 ല്‍ ദുബായിലെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ബിനോയിയുടെ പേര് വാര്‍ത്തകളില്‍ വന്നതോടെയാണ്, ബിനോയിയെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. തുടര്‍ന്ന് ബിനോയിയുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. ബിനോയിക്ക് മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുണ്ടെന്നും, രണ്ടെണ്ണം നിഷ്‌ക്രിയമാണെന്നും കണ്ടെത്തി. ആക്ടീവായ മൂന്നാമത്തെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ബിനോയിയുടെ കേരളത്തിലെ കുടുംബത്തെക്കുറിച്ച് അറിയുന്നതെന്നും യുവതി പരാതിയിൽ പറയുന്നു.

ബിനോയിയുടെ തനിനിറം ഇതോടെയാണ് മനസ്സിലാകുന്നതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയിയെ വിളിച്ചപ്പോള്‍, ബിനോയിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്നും, ഗുരുതരമായ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് പറഞ്ഞതായും യുവതി വെളിപ്പെടുത്തുന്നു.