ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; സിപിഎം ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം

single-img
18 June 2019

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കും.

ഇത് വ്യക്തിപരമായ കേസാണ്. അതിനാല്‍ തന്നെ ഇത് പാര്‍ട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കേസില്‍ പാര്‍ട്ടി ഇടപെടില്ല എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഈ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

അതേസമയം ബിനോയ് കോടിയേരിയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയെ കുറിച്ച് അറിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ, ലൈംഗികാരോപണത്തിന് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേരളാ പൊലീസ് കേസെടുക്കും. യുവതി പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാട്ടി ബിനോയ് കൊടിയേരി ഏപ്രിലില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാണു പൊലീസ് നീക്കം. ബിനോയ് കോടിയേരിയുടെ പരാതി ലഭിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.

ഏപ്രിലിലാണു പരാതി ലഭിച്ചത്. ഐജിക്കു ലഭിച്ച പരാതി എസ്പിക്കു കൈമാറി. അന്വേഷണ പരിധി സംബന്ധിച്ച സംശയത്തില്‍ നടപടിയെടുത്തില്ല. തിരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നതിനാലും അന്വേഷണം നടന്നില്ലെന്നാണു വിശദീകരണം. പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി യുവതി അയച്ച കത്ത് സഹിതമാണു ബിനോയ് പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതു വര്‍ഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് ബിഹാര്‍ സ്വദേശിയായ യുവതി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണെന്ന് ബിനോയ് ആരോപിച്ചു. പരാതിക്കാരിയായ യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പറയുന്നു.