കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നു തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാര്‍: പരാതിക്കാരി

single-img
18 June 2019

Support Evartha to Save Independent journalism

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പരാതിക്കാരിയായ യുവതി. ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ടെന്നും ഏത് പരിശോധനയ്ക്കും താന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു. ബിനോയ് തനിക്കെതിരെ നല്‍കിയ കേസ് നേരിടുമെന്നും പരാതിക്കാരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, തന്റെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാന്‍ ഏതു തരത്തിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നു യുവതി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കേസ് പിന്‍വലിക്കില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ബിനോയുമായുള്ള ബന്ധത്തിനു തെളിവുകളുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലി നോക്കിയിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും ആ ബന്ധത്തില്‍ എട്ടുവയസ്സുള്ള മകളുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. 2009 മുതല്‍ 2018 വരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്.

നിലവില്‍ മുംബൈയിലാണ് പരാതിക്കാരി താമസിക്കുന്നത്. 2015ലാണ് തന്നെ ഒഴിവാക്കാന്‍ ബിനോയ് ശ്രമം തുടങ്ങിയത്. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം മനസ്സിലാക്കുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.