എത്ര വിക്കറ്റ് വീണു; നൂറോളം കുട്ടികള്‍ മരിച്ച മസ്തിഷ്‌കജ്വരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ബിഹാര്‍ മന്ത്രിയുടെ ചോദ്യം: വാര്‍ത്താസമ്മേളനത്തിനിടെ ഉറങ്ങി കേന്ദ്രമന്ത്രി

single-img
18 June 2019

Support Evartha to Save Independent journalism

മസ്തിഷ്‌ക ജ്വരം ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കിടയില്‍ നൂറിലധികം കുട്ടികളാണ് ബിഹാറില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിഹാര്‍ ആരോഗ്യ മന്ത്രി ക്രിക്കറ്റ് സ്‌കോര്‍ അന്വേഷിച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

കുട്ടികളുടെ മരണനിരക്ക് ഉയര്‍ന്നതോടെ രോഗം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധനും അശ്വിനി കുമാര്‍ ചൗബെയും പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യപാക്കിസ്ഥാന്‍ മത്സരത്തില്‍ ‘എത്ര വിക്കറ്റുകള്‍ വീണു’ എന്ന് മന്ത്രി ചോദിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മന്ത്രിയുടെ ചോദ്യത്തിന് നാല് വിക്കറ്റ് എന്ന് ഒരാള്‍ മറുപടിയും നല്‍കുന്നുണ്ട്.

അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിവരിക്കുന്നതിനിടെ കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ഉറങ്ങിപ്പോയി. ഇതിന്റെ ഫോട്ടോകളും വീഡിയോകളും പ്രചരിച്ചു. എന്നാല്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉറങ്ങിയെന്ന ആരോപണം അശ്വിനി കുമാര്‍ ചൗബേ നിഷേധിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ താന്‍ ഉറങ്ങുകയല്ലായിരുന്നെന്നും കണ്ണടച്ച് ധ്യാനിക്കുകയും ആലോചിക്കുകയുമായിരുന്നെന്നാണ് ചൗബേയുടെ വാദം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരുന്നു അശ്വിനികുമാറിന്റെ പ്രതികരണം.

കുട്ടികളുടെ കൂട്ടമരണമുണ്ടായിട്ടും ബീഹാറില്‍നിന്നുള്ള അശ്വിനി കുമാര്‍ ചൗബേ ഇടപെടാന്‍ വൈകിയത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പൊട്ടിത്തെറിച്ചു. വാക്കേറ്റം രൂക്ഷമായതോടെ അശ്വിനികുമാറിന്റെ കയ്യില്‍നിന്ന് ഹര്‍ഷ വര്‍ധനന്‍ മൈക്ക് പിടിച്ചുമാറ്റാനും കയ്യില്‍ പിടിച്ച് നിയന്ത്രിക്കാനും ശ്രമിച്ചു.