സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ആക്രമണം; സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ തകര്‍ത്തു

single-img
18 June 2019

സൗദിയിലെ അബ്ഹയിലേക്ക് വീണ്ടും ഹൂതികളുടെ ആക്രമണം. തിങ്കളാഴ്ച രാത്രി 10.37 ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അബ്ഹ ലക്ഷ്യമാക്കി എത്തി. സൗദി വ്യോമപ്രതിരോധ സംവിധാനം ഇതു തകര്‍ത്തിട്ടതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

ആര്‍ക്കുംപരിക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ രീതിയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനങ്ങള്‍ അബ്ഹ, നജ്‌റാന്‍, ജീസാന്‍ എന്നീ ജനവാസകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി ഹൂതികള്‍ വിക്ഷേപിച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ഹൂതി റോക്കറ്റ് ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു. ജിസാന്‍ എയര്‍പോര്‍ട്ട് കണ്‍ട്രോല്‍ റൂം തകര്‍ത്തതായി ഹൂത്തികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സൗദി സഖ്യ സേന അത് നിരസിച്ചു. അതേസമയം, യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൗദി സഖ്യ സേനയുടെ വ്യോമാക്രമണങ്ങള്‍ നിലവിലും തുടരുന്നുണ്ട്.

സൗദി യെമന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംഭവങ്ങളെ തുടര്‍ന്ന് ഇറാനെതിരെ രാജ്യാന്തര തലത്തില്‍ ശക്തമായ നടപടി വേണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു.