ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ അനുകൂലികളായ മൂന്ന്‌ യുവാക്കള്‍ കോയമ്പത്തൂരില്‍ പിടിയിൽ

single-img
17 June 2019

ഇസ്ലാമിക ഭീകരവാദ സംഘടനയായ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ അനുകൂലികളായ മൂന്ന്‌ യുവാക്കളെ കോയമ്പത്തൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തില്‍ ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പോലീസ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മുഹമ്മദ്‌ ഹുസൈന്‍, ഷാജഹാന്‍, ഷെയ്‌ഖ്‌ സെയിഫുള്ള എന്നിവരാണ്‌ തമിഴ്‌നാട്‌ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ പിടിയിലായത്‌.

നഗരത്തിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ചാവേര്‍ ആക്രമണങ്ങള്‍ നടത്താനാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നത്‌. ഐഎസ്‌ന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള പുസ്‌തകങ്ങള്‍ ഇവര്‍ തമിഴിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത്‌ യുവാക്കളെ സംഘടനയിലേക്ക്‌ ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. അതോടൊപ്പം ഇരുന്നൂറിലധികം ആളുകളുടെ മരണത്തിന്‌ ഇടയാക്കിയ ശ്രീലങ്കന്‍ സ്‌ഫോടനത്തെ ഇവര്‍ പ്രകീര്‍ത്തിച്ചിരുന്നതായും പോലീസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎ നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലില്‍ മൂന്നിടങ്ങളില്‍ നിന്നാണ്‌ ഇവരെ പിടികൂടിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.