കാറില്‍ അജാസിനെ കണ്ട് സൗമ്യ ഓടി; പിന്തുടര്‍ന്നെത്തി കൊടുവാള്‍ കൊണ്ട് വെട്ടിവീഴ്ത്തി; അജാസ് മുന്‍പും വീട്ടിലെത്തി സൗമ്യയെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മ

single-img
17 June 2019

വള്ളികുന്നത്ത് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന് അജാസ് മൊഴി നല്‍കി. സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം.

ഇതിനായി പദ്ധതി തയ്യാറാക്കിയ ശേഷമാണ് എറണാകുളത്തുനിന്ന് വള്ളികുന്നത്ത് എത്തിയത്. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കി. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം.

എന്നാല്‍ സൗമ്യ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നുവെന്നും അജാസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ പതിനഞ്ചിനാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയ സൗമ്യയെ അജാസ് വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സൗമ്യ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്.

അതേസമയം, കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് അജാസ് സൗമ്യയെത്തേടി വള്ളികുന്നത്ത് എത്തിയതെന്നാണു പൊലീസിന്റെയും നിഗമനം. പ്രധാന റോഡില്‍നിന്ന് ഉള്ളിലുള്ള സൗമ്യയുടെ വീടു നേരത്തേതന്നെ പ്രതി കണ്ടുവച്ചിരുന്നു. സൗമ്യ പരീക്ഷയ്ക്കു പോകുമെന്നും തിരിച്ചെത്തിയശേഷം ജോലിക്കു പോകുമെന്നും മനസ്സിലാക്കിയാണു പ്രതി കാത്തുനിന്നതെന്നാണു പൊലീസ് കരുതുന്നത്.

പിഎസ്‌സി നടത്തിയ സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷയ്ക്കു തഴവ എവിഎച്ച്എസില്‍ പോയ ശേഷം 4 മണിയോടെയാണു സൗമ്യ മടങ്ങിയെത്തിയത്. വീട്ടിലെത്തിയ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കു പോകാനായി ഇറങ്ങുകയും ചെയ്തു. വീടിനു മുന്നിലെ ടാറിട്ട റോഡില്‍ സൗമ്യയെ കാത്ത് അജാസ് കാറിലിരുന്നു. സൗമ്യ സ്‌കൂട്ടറില്‍ ചെറിയ മണ്‍റോഡിലൂടെ പുറത്തേക്കിറങ്ങാന്‍ തുടങ്ങിയെന്നു മനസ്സിലാക്കിയ അജാസ് കാര്‍ ഇരപ്പിച്ചു മുന്നോട്ടു മണ്‍റോഡിലൂടെ കയറ്റി സ്‌കൂട്ടറില്‍ ഇടിച്ചു വീഴ്ത്തി.

അജാസ് ആണു കാറിലുള്ളതെന്നു തിരിച്ചറിഞ്ഞ സൗമ്യ രക്ഷപ്പെടാനായി വീടിനോടു ചേര്‍ന്നുള്ള കനാലിനു കുറുകെയുള്ള സ്ലാബിലൂടെ, അയല്‍ക്കാരനായ മുസ്തഫയുടെ വീട്ടിലേക്ക് ഓടി. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കത്തിയും കൊടുവാളുമെടുത്തു പിന്തുടര്‍ന്ന അജാസ് അയല്‍വീടിന്റെ മുറ്റത്തുവച്ചു കൊടുവാള്‍ കൊണ്ടു സൗമ്യയെ വെട്ടി. രക്ഷപ്പെടാന്‍ മുന്നോട്ടോടിയപ്പോള്‍ പിന്തുടര്‍ന്നു വീണ്ടും കഴുത്തില്‍ വെട്ടിവീഴ്ത്തുകയും കത്തി കൊണ്ടു കുത്തുകയും ചെയ്തു.

സൗമ്യ നിലത്തു വീണശേഷം പ്രതി കാറിനടുത്തെത്തി പെട്രോള്‍ കുപ്പിയും ലൈറ്ററുമെടുത്തു. സൗമ്യയെ ദേഹത്തു പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്ന് അജാസിനും പൊള്ളലേറ്റു. പ്രാണവേദനയോടെ ഓടിയ അജാസ് അടുത്തുള്ള പൈപ്പ് വലിച്ചുപൊട്ടിച്ച് അതിന്റെ ചുവട്ടിലിരുന്നു. ബഹളം കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും തീ പടര്‍ന്നുകഴിഞ്ഞിരുന്നു. പൊള്ളലേറ്റ അജാസിനെ നാട്ടുകാര്‍ തടഞ്ഞുവച്ച്, പൊലീസില്‍ വിവരമറിയിച്ചു.

അതേസമയം, അജാസ് മുന്‍പും വീട്ടിലെത്തി സൗമ്യയെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അമ്മ ഇന്ദിര പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തത് എന്തിനെന്നു ചോദിച്ചാണ് അടിച്ചത്. സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു. ഷൂ ഊരി നടുവില്‍ അടിച്ചു. അജാസ് പലവിധത്തിലും ശല്യം ചെയ്തിരുന്നുവെന്നു സൗമ്യ എന്നോടു പറഞ്ഞിട്ടുണ്ട്.

‘ഒരിക്കല്‍ സൗമ്യ അജാസിന്റെ കയ്യില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വാങ്ങി. അതു തിരികെ നല്‍കാന്‍ സൗമ്യയോടൊപ്പം ഞാനും എറണാകുളത്തു പോയി. അന്ന് അജാസ് പണം വാങ്ങിയില്ല. തന്നെ ഉപദ്രവിച്ചതിലുള്ള കുറ്റബോധം മൂലമാണു പണം വാങ്ങാത്തതെന്നാണു സൗമ്യ അന്നു പറഞ്ഞത്. തിരികെ വീട്ടില്‍ കൊണ്ടുവിട്ടത് അജാസ് ആണ്. അന്നു ബസ് സ്റ്റോപ്പില്‍ വിടാതെ എന്നെ ചങ്ങന്‍കുളങ്ങരയിലും സൗമ്യയെ ഓച്ചിറയിലുമാണ് ഇറക്കിയത്.

അടുത്ത ദിവസം രാവിലെ ഏഴിനു ഡ്യൂട്ടിക്കു കയറേണ്ട അജാസിനെ രാവിലെ ഫോണില്‍ വിളിച്ചെഴുന്നേല്‍പ്പിച്ചില്ലെന്നു പറഞ്ഞു സൗമ്യയെ ഭീഷണിപ്പെടുത്തുകയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ഇക്കാര്യങ്ങള്‍ അന്നത്തെ നോര്‍ത്ത് എസ്‌ഐയോടു 2 മാസം മുന്‍പു ഫോണില്‍ സൂചിപ്പിച്ചിരുന്നു. അന്നത്തെ പണം സൗമ്യ അജാസിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുത്തെങ്കിലും തിരികെ സൗമ്യയുടെ അക്കൗണ്ടിലേക്കുതന്നെ ഇട്ടു.

ചോദിക്കാന്‍ ഞാന്‍ അജാസിനെ ഫോണില്‍ വിളിച്ചു. മേലില്‍ മകളെ വിളിക്കരുതെന്നും ഭര്‍ത്താവും മക്കളുമായി കഴിയുന്ന അവളെ ഉപദ്രവിക്കരുതെന്നും പറഞ്ഞു. വിവാഹം കഴിച്ചു ജീവിക്കാനും ഉപദേശിച്ചു. ‘അജാസിന്റെ നമ്പര്‍ സൗമ്യ ബ്ലോക്ക് ചെയ്തു. അയാള്‍ മറ്റു നമ്പരുകളില്‍ നിന്നു രണ്ടുതവണ വിളിച്ചു. ജോലിക്കിടയിലും സൗമ്യ ഫോണ്‍ ഓണ്‍ ചെയ്തു വയ്ക്കണമെന്ന് അജാസ് പറയുമായിരുന്നു. മറ്റൊരു രീതിയിലുമുള്ള അടുപ്പവും മകള്‍ക്ക് അജാസുമായി ഉണ്ടായിരുന്നില്ല. സൗമ്യ വീട്ടില്‍ ഒറ്റയ്ക്കു നില്‍ക്കരുതെന്ന് പൊലീസ് പറഞ്ഞിരുന്നു.

അജാസിന്റെ പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ഭര്‍ത്താവ് സജീവനും സൗമ്യയുമായി തര്‍ക്കമുണ്ടായി. അന്നു വല്യച്ഛന്റെ വീട്ടില്‍ വച്ചു പരിഹരിക്കാനും ശ്രമിച്ചു. അജാസുമായി സൗമ്യയ്ക്ക് എത്ര നാളത്തെ പരിചയമുണ്ടെന്നു കൃത്യമായി അറിയില്ല. സജീവ് ഇല്ലാതാകുമ്പോള്‍ നീ ഒറ്റയ്ക്കാണെന്നു പറയുമല്ലോയെന്ന് അജാസ് സൗമ്യയോടു പറഞ്ഞിരുന്നു. മൂന്നു മക്കളുണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ പലപ്പോഴും പറഞ്ഞെങ്കിലും അവന്‍ എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞു…’. ഇന്ദിര പറഞ്ഞു.