വീടുകളുടെ മതിലില്‍ ചുവപ്പ് നിറമുള്ള പെയ്ന്റില്‍ അടയാളം; ജനങ്ങളുടെ ആശങ്ക അകറ്റാന്‍ പട്രോളിങ് ഊര്‍ജ്ജിതമാക്കുമെന്ന് പോലീസ്

single-img
17 June 2019

എടവനക്കാട് എട്ടോളം വീടുകളെയാണ് അജ്ഞാതര്‍ പതിപ്പിച്ച മതിലുകളിലെ അടയാളം ഉറക്കംകെടുത്തിയിരിക്കുന്നത്. ഇവിടെ വീടുകളുടെ മതിലില്‍ ചുവപ്പ് പെയിന്റ് കൊണ്ടാണ് അടയാളം.
കുറെ കാലം മുന്‍പ് കേരളത്തില്‍ വീടുകളുടെ ജനലിലും മറ്റും കറുത്ത സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് സമാനമായ സംഭവം ഉണ്ടായത്.

ചുവന്ന അടയാളം കണ്ടത് താമസക്കാരുടെ ആശങ്ക കൂട്ടി. വാച്ചാക്കല്‍ മുതല്‍ പടിഞ്ഞാറേക്കുള്ള പോക്കറ്റ്‌റോഡിന്റെയും ഇവിടെ നിന്നു വലത്തോട്ടുള്ള റോഡിന്റെയും പരിസരത്തുമുള്ള വീടുകളിലാണ് അടയാളം കണ്ടത്. ഇവയ്ക്ക് പുറമെ പഴങ്ങാട് പടിഞ്ഞാറുഭാഗത്തെ ചില വീടുകളുടെ മതിലിലും അടയാളം കാണപ്പെട്ടു.

ചില സ്ഥലങ്ങളില്‍ ചുവപ്പും മറ്റു ചിലയിടത്ത് കറുപ്പും നിറമുള്ള അടയാളങ്ങളാണുള്ളത്. ഇവ പെയിന്റ് സ്‌പ്രേ ചെയ്ത രീതിയിലാണ് കാണപ്പെട്ടത്. വിവരം അറിഞ്ഞ ഉടന്‍ ഞാറയ്ക്കല്‍ എസ് ഐ സംഗീത് ജോബിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഏതാനും ദിവസം മുന്‍പ് വാച്ചാക്കല്‍ ബസ് സ്റ്റോപ്പിനു സമീപത്തുള്ള ഒരു വീട്ടില്‍ ഇതരസംസ്ഥാനക്കാര്‍ മോഷണശ്രമം നടത്തിയിരുന്നു.തൊട്ടു പിറകേ അടയാളങ്ങളും കണ്ട സാഹചര്യത്തില്‍ പട്രോളിങ് ഊര്‍ജ്ജിതമാക്കുമെന്ന്‍ പോലീസ് അറിയിച്ചു.