കൊടിക്കുന്നിലിനോട് സോണിയ ഗാന്ധി ദേഷ്യപ്പെട്ടതോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിലപാട് മാറ്റി

single-img
17 June 2019

ലോക്‌സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഓവര്‍സ്മാര്‍ട്ടാകാന്‍ ശ്രമിച്ച കൊടിക്കുന്നില്‍ സുരേഷിനോട് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി ദേഷ്യപ്പെട്ടതോടെ ചില എംപിമാര്‍ വെട്ടിലായി. കേരളത്തില്‍ നിന്നുള്ള ചില എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു തീരുമാനം.

എന്നാല്‍ സോണിയയുടെ ശകാരം കേട്ടതോടെ സത്യപ്രതിജ്ഞ ഹിന്ദിയിലാവുമെന്ന് നേരത്തെ തന്നെ അറിയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ നിലപാട് മാറ്റുകയായിരുന്നു. സത്യപ്രതിജ്ഞ ഹിന്ദിയിലാക്കാന്‍ പഠിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കൊടിക്കുന്നില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതാണ് സോണിയയെ ചൊടിപ്പിച്ചത്. എംപിമാര്‍ക്ക് അവരവരുടെ ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പാടില്ലേ എന്ന് സോണിയ ചോദിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് ശേഷമാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെ തന്നെ കൊടിക്കുന്നിലിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു.

പ്രോടെം സ്പീക്കറെ സഹായിക്കുന്ന സമിതിയിലെ അംഗമായതിനാല്‍ പ്രധാനമന്ത്രിക്ക് പിന്നാലെ കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. മാതൃഭാഷ വിട്ട് ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. ബിജെപി അംഗങ്ങള്‍ കൊടിക്കുന്നിലിന്റെ ഹിന്ദി സത്യപ്രതിജ്ഞ ഹര്‍ഷാരവത്തോടെ വരവേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് സോണിയ അതൃപ്തി അറിയിച്ചത്.

പ്രോ ട്ടേംസ്പീക്കര്‍ വീരേന്ദ്ര കുമാറിന് മുമ്പാകെ വന്ന കൊടിക്കുന്നില്‍ സുരേഷിന് ഇംഗ്ലീഷിലുള്ള പകര്‍പ്പ് ആദ്യം സെക്രട്ടറി ജനറല്‍ നല്‍കിയെങ്കിലും ഹിന്ദി മതിയെന്ന് പറഞ്ഞാണ് കൊടിക്കുന്നില്‍ സത്യപ്രതിജ്ഞ ഹിന്ദിയിലാക്കിയത്. ഇതുകഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് പോയ കൊടിക്കുന്നിലിനെ തന്റെ സമീപത്തേക്ക് വിളിച്ചുവരുത്തിയ സോണിയാ ഗാന്ധി, എന്തുകൊണ്ടാണ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതെന്ന് ചോദിച്ചു.

കൊടിക്കുന്നില്‍ നല്‍കിയ വിശദീകരണം സോണിയയെ തൃപ്തിപ്പെടുത്തിയില്ല. ഇതിന് പിറകെ വന്ന ബിജു ജനതാദളിലെ ഭര്‍തുഹരി മെഹ്താബ് ഒഡിയയില്‍ സത്യപ്രതിജ്ഞ ചെയ്തത് കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സോണിയ ചെയ്തത് ശരിയായില്ലെന്ന് തീര്‍ത്ത് പറഞ്ഞു.

തുടര്‍ന്ന് രണ്ടാം നിരയില്‍ ഇരിക്കുകയായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍, രമ്യ ഹരിദാസ്, ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ക്ക് നേരെ തിരിഞ്ഞ് മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്താല്‍ മതിയെന്ന് സോണിയ നിര്‍ദേശിക്കുകയും ചെയ്തു.