ചിത്രം വ്യാജമാണെന്ന് സമ്പത്തിന് പോലും ഉറപ്പില്ല; അതുകൊണ്ട് തെളിയുന്നതുവരെ മാപ്പില്ല: പികെ ഫിറോസ്

single-img
17 June 2019

മുന്‍ എംപി സമ്പത്തിൻ്റെ കാറിൽ എക്‌സ് എംപി എന്ന ബോര്‍ഡ് വെച്ച ചിത്രം പ്രചരിച്ച സംഭവത്തിൽ വിശദീകരണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ചിത്രം വ്യാജമാണെന്ന് സമ്പത്തിന് പോലും ഉറപ്പില്ലെന്നും തെളിയിച്ചാല്‍ മാപ്പ് പറയാമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫിറോസ് പറഞ്ഞു. എയര്‍പോര്‍ട്ട് മാനേജരുമായി സംസാരിച്ച് കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.

Support Evartha to Save Independent journalism

തന്റെ കാറില്‍ ഇത്തരത്തില്‍ ഒരു ബോര്‍ഡ് വെച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയാന്‍ സമ്പത്തിന് സാധിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. വിടി ബല്‍റാമിനും ഷാഫി പറമ്പിലിനുമൊപ്പം ഫിറോസും സമ്പത്തിന്റെ പരിഹസിച്ച് പോസ്റ്റിട്ടിരുന്നു. ഇച്ചിരി ഉളുപ്പ് എന്ന ക്യാപ്ഷനിലാണ് ചിത്രം പങ്കുവെച്ചത്.

ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘Ex MP’ എന്ന ബോർഡ് വെച്ചൊരു കാറിന്റെ ചിത്രമാണ് ഇന്ന് സോഷ്യൽമീഡിയ ഏറ്റവുമധികം ചർച്ച ചെയ്തത്. അന്വേഷണത്തിനൊടുവിൽ എ. സമ്പത്തിന്റേതാണ് കാറെന്നും കണ്ടു പിടിക്കുകയുണ്ടായി. എന്നാൽ ചിത്രം വ്യാജമാണെന്നാണ് സൈബർ സഖാക്കൾ വാദിക്കുന്നത്. സമ്പത്തിന്റെ ഡ്രൈവർ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത് കഴിഞ്ഞ മൂന്നു ദിവസമായി വളയം പിടിച്ചപ്പോൾ ഇങ്ങിനെ ഒരു ബോർഡ് കണ്ടിട്ടില്ലെന്നാണ്. മൂന്ന് ദിവസമായി യാത്ര ചെയ്ത സ്ഥലങ്ങളുടെ പേരും അദ്ദേഹം പറയുന്നുണ്ട്. അതേ സമയം സമ്പത്തിന്റെ വീട്ടിലെത്തിയ ചാനലുകളിലെ റിപ്പോർട്ടർമാരോട് അദ്ദേഹം സംസാരിക്കാൻ തയ്യാറായതുമില്ല. ആകെ സംസാരിച്ചത് ഏഷ്യാനെറ്റ് ഓൺലൈൻ ന്യൂസിനോട് ഫോണിലും!!

ഇനി കാര്യത്തിലേക്ക് കടക്കാം. ഈ കാർ നിർത്തിയിട്ടിരിക്കുന്നത് തിരുവനന്തപുരം എയർപോർട്ടിന്റെ മുമ്പിലാണ്. ഡ്രൈവർ ഫെയിസ്ബുക്ക് പോസ്റ്റിൽ ഇങ്ങിനെ ഒരു എയർപോർട്ടിന്റെ കാര്യം പറയുന്നേ ഇല്ല. ഇനി സമ്പത്ത് പറയുന്നത് നോക്കൂ. ഞാൻ ഇങ്ങിനെ ഒരു കാറിൽ യാത്ര ചെയ്തിട്ടില്ല. ചിത്രം ചിലപ്പോൾ വ്യാജമായിരിക്കാം. നോട്ട് ദ പോയന്റ് ‘ചിലപ്പോൾ”. അങ്ങേർക്ക് പോലും ഇത് വ്യാജമാണോ എന്നുറപ്പില്ല.

ഇത്രയും ചർച്ചയായ സ്ഥിതിക്ക് ശ്രീ.സമ്പത്ത് ചില ചോദ്യങ്ങൾക്ക് വിശദീകരണം നൽകേണ്ടതുണ്ട്.

1) ചിത്രത്തിൽ കാണുന്ന കാർ അദ്ദേഹത്തിന്റേതാണോ?

2) ഈ ചിത്രത്തിൽ കാണുന്ന എയർപോർട്ടിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ കാർ നിർത്തിയ സമയത്ത് Ex MP എന്ന ബോർഡ് ഘടിപ്പിച്ചില്ല എന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ?

3) അങ്ങിനെയെങ്കിൽ എയർപോർട്ട് മാനേജറുമായി സംസാരിച്ച് CCTV ദൃശ്യം പുറത്ത് വിടാൻ അദ്ദേഹം ആവശ്യപ്പെടുമോ?

നേരത്തെ പോസ്റ്റിയ ചിത്രം വ്യാജമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് പിൻവലിക്കാനും നിരുപാധികം മാപ്പു പറയാനും തയ്യാർ.