പ്രതിഷേധം ഫലം കണ്ടു: സൗദി അറേബ്യ 18കാരന്റെ വധശിക്ഷ റദ്ദാക്കി

single-img
17 June 2019

അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായതിന്റെ പേരില്‍ പതിമൂന്നാം വയസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട മുര്‍താജ ഖുറൈറ്റിസിന്റെ വധശിക്ഷ സൗദി അറേബ്യ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. മുര്‍തജ, പ്രായപൂര്‍ത്തിയായതോടെ വധശിക്ഷാ നടപടികളുമായി സൗദി ഭരണകൂടം മുന്നോട്ട് പോയിരുന്നു.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ചെയ്ത കുറ്റത്തിന് വധശിക്ഷ വിധിച്ചതിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അത് റദ്ദാക്കിയെന്നുള്ള റിപ്പോര്‍ട്ട് എത്തുന്നത്. മുര്‍തജയെ 2022ഓടെ മോചിപ്പിക്കുമെന്നും സൗദി ഭരണകൂടം അറിയിച്ചതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

അറബ് വിപ്ലവകാലത്ത് പ്രതിഷേധ റാലിയില്‍ പങ്കെടുത്തു എന്നാണ് മുര്‍തജയ്‌ക്കെതിരായ കുറ്റം. പത്തുവയസുമാത്രമായിരുന്നു അപ്പോള്‍ മുര്‍തജയുടെ പ്രായം. 2014 ല്‍ പതിമൂന്നാം വയസിലാണ് ഇതിന്റെ പേരില്‍ കുട്ടി അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നീട് ഒരുമാസത്തോളം ഏകാന്ത തടവില്‍ കഴിയേണ്ടി വന്നു. ഈ കാലയളവില്‍ മുര്‍താസ ക്രൂരമര്‍ദനത്തിനിരയായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി റിപ്പോര്‍ട്ട് ചെയ്യിരുന്നു.

മുര്‍താജയുടെ വധശിക്ഷ നടപ്പാക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷ 12 വര്‍ഷത്തെ ജയില്‍ വാസമാക്കി കുറച്ചത്.