കൊച്ചി എസിപി സഹോദരന്റെ ഭാര്യയോട് മോശമായി പെരുമാറി; ആരോപണവുമായി മേജര്‍ രവി

single-img
17 June 2019

സിഐ നവാസിനെ കാണാതായതുമായി ബന്ധപ്പെട്ട് കുറ്റം ആരോപിക്കപ്പെടുന്ന എറണാകുളം എസിപി സുരേഷ്‌കുമാറിനെതിരെ മറ്റൊരു ആരോപണവുമായി സംവിധായകന്‍ മേജര്‍ രവി. സുരേഷ്‌കുമാര്‍ പട്ടാമ്പിയില്‍ സിഐ ആയിരിക്കുമ്പോള്‍ തന്റെ സഹോദരന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്നും പരാതി നല്‍കിയിട്ടും തുടര്‍നടപടിയുണ്ടായില്ലെന്നും മേജര്‍ രവി ആരോപിച്ചു.

Support Evartha to Save Independent journalism

2016ലായിരുന്നു സംഭവം. മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യയോട് പട്ടാമ്പി സിഐ ആയിരിക്കുമ്പോള്‍ സുരേഷ് കുമാര്‍ അപമര്യാദയായി പെരുമാറി. തുടര്‍ന്ന് ഇത് ചൂണ്ടിക്കാട്ടി പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും തൃത്താല പോലീസിലും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും മേജര്‍ രവി പറഞ്ഞു.

ഈ പരാതി നിലനില്‍ക്കെയാണ് സുരേഷ് കുമാറിന് സ്ഥാനക്കയറ്റം നല്‍കിയത്. തന്റെ സഹോദരനെ സുരേഷ് കുമാര്‍ പല ദിവസങ്ങളിലും മദ്യപിച്ച ശേഷം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും ഇപ്പോള്‍ സിഐ നവാസ് അനുഭവിച്ച ആത്മ സംഘര്‍ഷം തന്റെ സഹോദരനും അനുഭവിച്ചെന്നും മേജര്‍ രവി പറഞ്ഞു. മേജര്‍ രവി കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടി കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

പരാതിപ്പെട്ടിട്ടും സുരേഷ് കുമാറിനെതിരെ കേസെടുക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് മേജര്‍ രവിയും കുടുംബവും. എന്നാല്‍ പരാതി സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും എസിപി പി എസ് സുരേഷ് കുമാര്‍ പ്രതികരിച്ചു.