കോഹ്‌ലി തിരിച്ചു നടന്നു; സെഞ്ചുറി നഷ്ടമായി; ചതിച്ചത് ബാറ്റോ?

single-img
17 June 2019

പാകിസ്താനെതിരായ ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പുറത്താകല്‍ കാണികള്‍ക്കിടയിലും അമ്പയര്‍മാരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അമ്പയര്‍ ഔട്ട് വിളിക്കുന്നതിനു മുന്‍പേ തിരിച്ചു നടന്ന വിരാട് കോഹ്‌ലി നഷ്ടമാക്കിയത് കരിയറിലെ 42ാം സെഞ്ചുറിയാണ്.

മുഹമ്മദ് ആമിറിന്റെ 48ാം ഓവറിലെ ബൗണ്‍സറില്‍ തന്റെ ബാറ്റു തട്ടി എന്നു കരുതിയാണ് കോഹ്‌ലി തിരിച്ചു നടന്നത്. ആമിറും സര്‍ഫ്രാസും അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വിരലുയര്‍ത്തിയിരുന്നില്ല. റീപ്ലേയിലും അള്‍ട്ര എഡ്ജ് സാങ്കേതികവിദ്യയിലും പന്ത് ബാറ്റില്‍ തൊട്ടിരുന്നില്ല എന്ന് പിന്നീടു വ്യക്തമായി. ഇന്ത്യയ്ക്ക് അപ്പോള്‍ ബാറ്റിങ് റിവ്യൂ ശേഷിക്കുന്നുമുണ്ടായിരുന്നു.

കോഹ്‌ലി ഡ്രസ്സിങ് റൂമിലെത്തിയതിനു ശേഷമാണ് സംഭവത്തിന്റെ റീപ്ലേ പുറത്തുവരുന്നത്. ഇതോടെ കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ അമ്പരപ്പോടെ പരസ്പരം നോക്കി. ഇതിനു പിന്നാലെ കോഹ്‌ലി ബാറ്റെടുത്ത് ഇളക്കി ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീട് ധോണിയും ഈ ബാറ്റ് പരിശോധിക്കുന്നുണ്ടായിരുന്നു.

65 പന്തില്‍ നിന്ന് 77 റണ്‍സെടുത്താണ് കോഹ്‌ലി പുറത്തായത്. എന്തോ ശബ്ദം കേട്ടാണ് പന്ത് ബാറ്റില്‍കൊണ്ടതാണെന്ന് കരുതിയത്. കോഹ്‌ലി കേട്ട ശബ്ദം ബാറ്റില്‍ നിന്നാകാമെന്നാണ് കമന്റേറ്ററായ സൗരവ് ഗാംഗുലി പറഞ്ഞത്. ഇത്തരത്തില്‍ സംഭവിക്കാറുണ്ടെന്നും ബാറ്റ്‌സ്മാന്‍ അത് പന്തില്‍ തട്ടിയതായി തെറ്റിദ്ധരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ബോളിങ്ങിനിടെ വീണു പോയ വഹാബ് റിയാസിനോട് കാര്യങ്ങള്‍ തിരക്കിയും കോഹ്‌ലി മാന്യത കാണിച്ചിരുന്നു.