സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ എന്നിവര്‍ക്കെതിരെ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

single-img
17 June 2019

സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോൻ, തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവല്‍, റെഡ് പിക്‌സ് 24×7 എന്ന യൂട്യൂബ് ചാനല്‍ എന്നിവരുടെ പേരിൽ പോലീസ് കേസെടുത്തു.

വ്യാജ തെളിവുകളുമായി അപമാനിക്കാൻ ശ്രമമെന്ന് കാട്ടി കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെടി ഷൈജുവാണ് വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. തങ്ങൾക്കെതിരെ യൂ ട്യൂബില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി. വ്യാജരേഖ ഉണ്ടാക്കൽ, സോഷ്യൽ മീഡിയയിലൂടെ അപകീർത്തി പെടുത്തൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

സമൂഹത്തിലുള്ള സ്ഥാപനത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മനപ്പൂര്‍വം വീഡിയോ ഉണ്ടാക്കി പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

കല്യാൺ ജ്വല്ലറിയുടെ പരസ്യങ്ങള്‍ കരാര്‍ വ്യവസ്ഥയില്‍ ചെയ്തിരുന്ന ശ്രീകുമാര്‍ മേനോന് തുടർന്ന് പരസ്യക്കരാര്‍ നല്‍കാത്തതിനെ തുടര്‍ന്നുള്ള വിരോധംകൊണ്ട് മാത്യു സാമുവലുമായി ചേര്‍ന്ന് വ്യാജ വീഡിയോ നിര്‍മിച്ചതെന്ന് സംശയിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.