ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവിക്ക് സ്റ്റേ

single-img
17 June 2019

ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിയില്‍ സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് നടപടി സ്റ്റേ ചെയ്തത്. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ.

സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കുകയും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്ത മാണി വിഭാഗത്തിന്റെ നടപടി നിയമപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും ജോസഫ് വിഭാഗം സമീപിക്കും.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനുമൊപ്പം മാണി വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസും പങ്കെടുത്തു. സി.എഫ് തോമസിനെക്കൂടി കൂടെക്കൂട്ടാന്‍ കഴിഞ്ഞതോടെ നിയമസഭാ കക്ഷിയില്‍ മേല്‍ക്കൈ നേടാനായെന്നും അവര്‍ കരുതുന്നു.

കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി നിശ്ചയിച്ചത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് എം നേരത്തെ സ്പീക്കറോട് സാവകാശം തേടിയിരുന്നു.

എന്നാല്‍ പി.ജെ ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞിരുന്നു. മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കാന്‍ ചെയര്‍മാന്‍ യോഗം വിളിക്കും. പാര്‍ട്ടി ലീഡര്‍ പി.ജെ ജോസഫും ചെയര്‍മാന്‍ ജോസ്.കെ മാണിയും എന്നതാണ് നിലപാടെന്നും റോഷി വ്യക്തമാക്കിയിരുന്നു.