ജോസ് കെ മാണി ഇടതുമുന്നണിയിലെത്തും?; മന്ത്രിസ്ഥാനം വാഗ്ദാനം ലഭിച്ചതായി സൂചന

single-img
17 June 2019

കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളോടെ കേരള കോൺഗ്രസ് -എം പാർട്ടി പിളർന്നതോടെ ജോസ് കെ മാണി ഇടതുമുന്നണിയിൽ ചേക്കേറുമെന്നു സൂചന. നിലവിൽ ഇടതുമുന്നണിയിലുള്ള ഒരു കേരള കോൺഗ്രസിലെ മുതിർന്ന നേതാവാണ് ഇതിനായി ചുക്കാൻ പിടിക്കുന്നതെന്ന് `കേരളകൗമുദി´ റിപ്പോർട്ട് ചെയ്യുന്നു.

ഇടതുപക്ഷത്തെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി വിഭാഗത്തിനുവേണ്ടി എൽഡിഎഫ് നേതൃത്വവുമായി രഹസ്യ സംഭാഷണം നടത്തിക്കഴിഞ്ഞുവെന്നും സിപിഎം പച്ചക്കൊടി കാട്ടിയാൽ ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതേസമയം ജോസ് കെ മാണി വിഭാഗത്തിന് ഇടതുമുന്നണി ഒരു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.

രണ്ട് എംഎൽഎമാർ ഇപ്പോൾ ജോസ്. കെ. മാണിയൊടൊപ്പമാണ്. ഇവരിൽ ഒരാളെ മന്ത്രിയാക്കാമെന്നാണത്രേ വാഗ്ദാനം. അതേസമയം പാർട്ടി പിളർന്നതോടെ ചിഹ്നമായ രണ്ടിലയ്ക്കും മറ്റുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ഇരു ഗ്രൂപ്പുകളുടെയും നീക്കം.

യുഡിഎഫ് നേതൃത്വത്തിൽ നേരത്തെ ജോസ് കെ മാണിയുമായും പിജെ ജോസഫുമായും ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ചർച്ചകൾ നടത്തിയിരുന്നു. ഇരു നേതാക്കളും വാശി തുടർന്നതോടെ യോജിപ്പിച്ചു കൊണ്ടുപോവാൻ സാദ്ധ്യതയില്ലെന്ന് മനസിലാക്കിയ യുഡിഎഫ് ഇരു ഗ്രൂപ്പുകൾക്കും മുന്നണിയിൽ തുടരാമെന്നാണ് നിലപാടെടുത്തത്.  എന്നാൽ ജോസഫിനോടാണ് യുഡിഎഫിന് കൂടുതൽ മമതയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതേസമയം ജോസ് കെ.മാണിയെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്ത നടപടി നിയമവിരുദ്ധവും നിലനിൽക്കാത്തതുമാണെന്ന് താത്കാലിക ചെയർമാൻ പി.ജെ.ജോസഫ് വ്യക്തമാക്കി. ഇന്നലെ സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ജോസ് കെ.മാണി വിഭാഗം വിളിച്ചുചേർത്ത യോഗത്തിലാണ് ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തത്.