ഇന്ത്യ- മ്യാൻമർ സംയുക്ത രഹസ്യ സെെനിക നീക്കം; തകർത്തത് നൂറിലധികം ഭീകരകേന്ദ്രങ്ങൾ: 72 ഭീകരർ കീഴടങ്ങി

single-img
17 June 2019

ഇന്ത്യ- മ്യാൻമർ സംയുക്ത സെെനിക നീക്കത്തിലൂടെ അതിർത്തിയിൽ തകർത്തത് നൂറിലധികം ഭീകര കേന്ദ്രങ്ങൾ. ‘ഓപറേഷൻ സൺറൈസ് ’(സൂര്യോദയം)​ എന്നു പേരിട്ടിരിക്കുന്ന ഏറ്റവും വലിയ സൈനിക നടപടിയിലൂടെയായിരുന്നു ഭീകരകേന്ദ്രങ്ങൾ തകർത്തത്. മണിപ്പൂർ,​ നാഗാലാന്റ്,​ ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശത്തെ കേന്ദ്രങ്ങളാണ് തകർത്തത്.

മെയ് 16 മുതൽ മൂന്നാഴ്ച നീണ്ടുനിന്ന പോരാട്ടത്തിലാണ് സെെന്യം ലക്ഷ്യം കണ്ടത്. ഏകദേശം നൂറോളം ഭീകര ക്യാംപുകൾ ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്. നാഗാലാന്റിലും മണിപ്പൂരിലും നീണ്ടകാലമായി തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടെന്നും അവർ മുന്നറിയിപ്പു നൽകിയിരുന്നു.

ലിബറേഷൻ ഓർഗനൈസേഷൻ (കെ.എൽ.ഒ), എൻ.എസ്‌.സി.എൻ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഐ), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്(എൻ.ഡി.എഫ്.ബി) എന്നിവരുടെ ക്യാംപുകളും കേന്ദ്രങ്ങളുമാണു സെെന്യം തകർത്തത്.സെെനിക നീക്കത്തിലൂടെ 72 ഭീകരർ കീഴടങ്ങിയിട്ടുണ്ട്.

ഇൻന്റലിജൻ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓപറേഷൻ സൺറൈസിന്റെ മൂന്നാം ഘട്ടം നടക്കുമെന്ന് സെെന്യം അറിയിച്ചു. ഓപറേഷൻ സൺറൈസിന്റെ ഒന്നാം ഭാഗം സെെനിക നീക്കം നടത്തിയിരുന്നത് ആറ് മാസം മുമ്പായിരുന്നു. അറാക്കൻ ആർമി പ്രക്ഷോഭകാരികളെയാണ് അന്ന് സെെന്യം തുരത്തിയത്.