ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മമതയുടെ ഉറപ്പ്; പശ്ചിമബംഗാളിലെ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കുന്നു

single-img
17 June 2019

പശ്ചിമബംഗാളില്‍ അനിശ്ചിതകാലമായി തുടര്‍ന്ന ഡോക്ടര്‍മാരുടെ സമരം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കാമെന്ന് മമത സമ്മതിച്ചു.

ഇതിന്റെ ആദ്യപടിയായി ആശുപത്രികളില്‍ പോലീസ് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനായി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും. സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രികളില്‍ പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യവും അത്യാഹിത വിഭാഗത്തില്‍ രോഗിക്കൊപ്പം രണ്ടില്‍ അധികം ബന്ധുക്കളെ അനുവദിക്കാനാകില്ല എന്നതും സര്‍ക്കാര്‍ അംഗീകരിച്ചു. സമരത്തിനിടെ തൃണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റ ജൂനിയര്‍ ഡോക്ടര്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ 120പോലീസുകാരെ സുരക്ഷാ ഡ്യൂട്ടിക്ക് വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.

ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചശേഷം എന്‍ആര്‍എസ് ആശുപത്രി സന്ദര്‍ശിക്കുമെന്നും ഇന്ന് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാകണം ചര്‍ച്ച എന്ന ഡോക്ടര്‍മാരുടെ ആവശ്യം ആദ്യം അംഗീകരിക്കാതിരുന്ന സര്‍ക്കാര്‍ പിന്നീട് രണ്ട് ചാനല്‍ ക്യാമറകളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാവുകയായിരുന്നു.