ഇത് പാകിസ്ഥാന് ഇന്ത്യ നല്‍കിയ മറ്റൊരു ‘സ്‌ട്രൈക്ക്’ എന്ന് അമിത് ഷാ

single-img
17 June 2019

പാക്കിസ്ഥാനു മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമായിരുന്നു ക്രിക്കറ്റ് ലോകകപ്പ് മത്സരവിജയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലായിരുന്നു പ്രതികരണം. ‘പകിസ്താന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു അടി നല്‍കിയിരിക്കുന്നു. ഫലം പതിവു പോലെത്തന്നെയാണ്. ഈ മികച്ച പ്രകടനത്തിന് എല്ലാ ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു.’ അവര്‍ ആഘോഷങ്ങളിലാണ് അമിത് ഷാ ട്വീറ്റ് ചെയ്തു.

ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 89 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ഇന്ത്യ പടുത്തുയര്‍ത്തിയ വമ്പന്‍ സ്‌കോറിനു മുന്നില്‍ പാക്ക് നിര തകര്‍ന്നടിയുകയായിരുന്നു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇതുവരെ ഇന്ത്യയ്ക്ക് തോല്‍വി അറിയേണ്ടി വന്നിട്ടില്ല.

ഇന്ത്യയുടെ പോരാട്ട വിജയത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉള്‍പ്പെടെ പ്രമുഖ നേതാക്കളും ആശംസകളറിയിച്ചു. ‘ക്രിക്കറ്റിലെ വിസ്മയകരമായ പ്രകടനമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ പുറത്തെടുത്തത്. ആശംസകള്‍. ടീം ഇന്ത്യയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു..’ രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ബിജെപി നേതാക്കളായ നിതിന്‍ ഗഡ്കരി, പിയുഷ് ഗോയല്‍, കിരണ്‍ റിജിജു, സുരേഷ് പ്രഭു എന്നിവരും ഇന്ത്യന്‍ ടീമിന് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തു.

‘മഴയ്ക്ക് കളി തടസ്സപ്പെടുത്താം എന്നാല്‍ ഇന്ത്യന്‍ ജയത്തെ തടയാനാകില്ല’ എന്നായിരുന്നു സുരേഷ് പ്രഭുവിന്റെ ട്വീറ്റ്. പാക്ക് സൈന്യത്തിന്റെ പിടിയില്‍ നിന്നു മോചിതനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മീശ രോഹിത് ശര്‍മയുടെ ചിത്രത്തില്‍ ചേര്‍ത്തായിരുന്നു കര്‍ണാടക ബിജെപിയുടെ സന്തോഷ പ്രകടനം. കോലിപ്പടയുടെ വിജയത്തിനൊപ്പം രോഹിത് ശര്‍മയുടെ സെഞ്ചുറിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദനം അറിയിച്ചു.