സൗമ്യയെ കൊല്ലണം; പിന്നാലെ ആത്മഹത്യ ചെയ്യണം: അജാസ് വള്ളിക്കുന്നത്തേക്ക് വന്നത് കൃത്യമായ പദ്ധതി തയ്യാറാക്കി

single-img
17 June 2019

സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ തീവെച്ച് കൊന്ന കേസിലെ പ്രതിയായ പൊലീസുകാരന്‍ വള്ളി്കുന്നത്തേക്ക് എത്തിയത് കൃത്യമായ പദ്ധതി തയ്യാറാക്കിയാണെന്ന് പൊലീസ്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നും അജാസ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സൗമ്യയെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം.

ഇതിനായി പദ്ധതി തയ്യാറാക്കിയാണ് വള്ളിക്കുന്നത്തേക്ക് വന്നതെന്നും അജാസ് പറഞ്ഞു. അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ രാത്രിയാണ് പ്രതിയുടെ മൊഴി രേഖപ്പെടുത്തിയത്. സൗമ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് സൗമ്യ വിസമ്മതിച്ചു. ഇതോടെ സൗമ്യയെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശിച്ചതെന്നും അജാസ് വെളിപ്പെടുത്തി.

സൗമ്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചതിനൊപ്പം തന്റെ ദേഹത്തും പെട്രോള്‍ ഒഴിച്ചിരുന്നുവെന്നും അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴിയില്‍ വ്യക്തമാക്കി.

ഗുരുതരമായി പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. 24 മണിക്കൂര്‍ സമയം കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അജാസ് ഇപ്പോള്‍. സൗമ്യയെ കൊലപ്പെടുത്താന്‍ അജാസ് എത്തിയത് എറണാകുളം സ്വദേശിയുടെ കാറിലാണെന്ന് വ്യക്തമായി. എളമക്കര സ്വദേശി രതീഷിന്റെയാണ് കാര്‍.