ജൂറി തീരുമാനം അന്തിമം, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല: ചെയര്‍മാന്‍ നേമം പുഷ്പരാജ്

single-img
17 June 2019

ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ലെന്ന് അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്. ജൂറിയുടെ തീരുമാനം അന്തിമമാണ്. പുരസ്ക്കാര പ്രഖ്യാപന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും നേമം പുഷ്പരാജ് പറഞ്ഞു. കാര്‍ട്ടൂണ്‍ മത ചിഹ്നങ്ങളുടെ പേരില്‍ വിവാദമായതിനെ തുടര്‍ന്ന് പുരസ്‌കാരം പുനഃപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് അക്കാദമിയുടെ തീരുമാനം.

പുരസ്ക്കാര നിര്‍ണ്ണയം വിവാദമായപ്പോള്‍ ജൂറിയുടെ തീരുമാനത്തെ പിന്തുണച്ച് നിര്‍വാഹക സമിതിയും രംഗത്തെത്തിയിരുന്നു. പുരസ്ക്കാരത്തിന് അര്‍ഹമായ കാര്‍ട്ടൂണില്‍ മതനിന്ദ ഉണ്ടായിട്ടില്ലെന്നാണ് നിര്‍വാഹക സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം. പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള മന്ത്രി എ കെ ബാലന്റെ ഇടപ്പെടല്‍ അനവസരത്തിലുള്ളതാണെന്നും സമിതി വിലയിരുത്തിയിരുന്നു.

ലൈംഗിക പീഡന കേസിലെ പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ചുകൊണ്ട് ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ച കെ കെ സുഭാഷിന്റെ കാര്‍ട്ടൂണിന് അക്കാദമി പുരസ്‌കാരം ലഭിച്ചതാണ് വിവാദമായത്. ചിത്രത്തിലെ മത ചിഹ്നങ്ങള്‍ മതവികാരം വ്രണപ്പെടുന്ന തരത്തിലാണ് ചിത്രീകരിച്ചത് എന്നാരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നതോടെയാണ് അവാര്‍ഡ് പുനഃപരിശോധിക്കാന്‍ മന്ത്രി എകെ ബാലന്‍ നിര്‍ദേശിച്ചത്.