പി കെ ശശി എംഎൽഎക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് ഡിവൈഎഫ്ഐയില്‍ നിന്നും രാജിവെച്ചു

single-img
16 June 2019

പീഡനത്തില്‍ ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാ നേതാവ് രാജിക്കത്ത് നൽകി. പെൺകുട്ടിക്കൊപ്പം നിലപാടെടുത്തവരെ സംഘടന തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ചാണ് ഇന്ന് ചേർന്ന ഡിവൈഎഫ്ഐ ജില്ലാ നേതൃയോഗത്തില്‍ രാജി സമര്‍പ്പിച്ചത്.

പെൺകുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച നേതാവിനെ സംഘടന ജില്ലാ വൈസ് പ്രസിഡന്‍റാക്കിയിരുന്നു. ഈ വനിതാ നേതാവിന്‍റെ പീഡന പരാതിയെ തുടർന്ന് പി കെ ശശിയെ സിപിഎം
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അച്ചടക്ക നടപടി കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്.

ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്‍ഷന്‍ നടപടി. പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശ.