ട്രോളുകൾ സഹിക്കാൻ പറ്റുന്നില്ല: സമാധിയാകാൻ അനുവദിക്കണമെന്ന് കളക്ടർക്ക് സ്വാമിയുടെ അപേക്ഷ

single-img
16 June 2019

ഭോപ്പാല്‍: ട്രോളുകള്‍ മൂലം ജീവിതം മടുത്തുവെന്നും സമാധിയാകാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് സന്യാസിയുടെ അപേക്ഷ. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭോപ്പാലില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിങ് വിജയിക്കുമെന്ന പ്രവചനം നടത്തിയ സ്വാമി വൈരാഗ്യാനന്ദ് ആണ് സമാധിയാകുവാന്‍ അനുവാദം തേടി ഭോപ്പാൽ ജില്ലാ കളക്ടറെ സമീപിച്ചത്.

ദിഗ് വിജയ്‌സിങ് പരാജയപ്പെട്ടാല്‍ ആത്മാഹുതി ചെയ്യുമെന്ന് സ്വാമി വൈരഗ്യാനന്ദ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആത്മാഹുതി ചെയ്യാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉന്നയിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ സ്വാമിക്കെതിരെ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെടുകയാണ്.

ഇതിന് പിന്നാലെയാണ് വിവാദ സ്വാമി ആത്മാഹുതി ചെയ്യാന്‍ അനുമതി തേടി കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ദിഗ് വിജയ് സിങിന്റെ വിജയത്തിനായി തിരഞ്ഞെടുപ്പിന് മുന്‍പ് സ്വാമിയുടെ കാര്‍മ്മികത്വത്തില്‍ യജ്ഞം നടത്തിയിരുന്നു. ദിഗ് വിജയ് സിങ് പരാജയപ്പെട്ടാല്‍ ആത്മാഹുതി ചെയ്യുമെന്നും സ്വാമി പ്രഖ്യാപനം നടത്തിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രജ്ഞ സിങിനോട് ദിഗ് വിജയ് സിങ് പരാജയപ്പെട്ടു. ഞായറാഴ്ച 2.11ന് സമാധിയിലേക്ക് പോകാന്‍ അനുവാദം നല്‍കണമെന്നാണ് സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അപേക്ഷയ്ക്ക് അനുമതി നല്‍കാന്‍ സാധിക്കില്ലെന്നും സ്വാമിയുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാണിച്ച് ഡിഐജിക്ക് കത്ത് നല്‍കിയതായി കളക്ടര്‍ അറിയിച്ചു.