രാമക്ഷേത്രനിര്‍മ്മാണത്തിന്‌ ഓര്‍ഡിനന്‍സ്‌ പുറത്തിറക്കാന്‍ മോദിക്ക് ധൈര്യമുണ്ട്, ആര്‍ക്കും അദ്ദേഹത്തെ തടയാന്‍ കഴിയില്ല: ശിവസേന

single-img
16 June 2019

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന്‌ ഓര്‍ഡിനന്‍സ്‌ പുറത്തിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ധൈര്യമുണ്ട് എന്നും അദ്ദേഹത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ശിവസേന തലവന്‍ ഉദ്ധവ്‌ താക്കറേ. അയോധ്യയുമായി ബന്ധപ്പെട്ട കേസ്‌ വര്‍ഷങ്ങളായി കോടതിയിലാണ്‌. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ധൈര്യമുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ഒരു തീരുമാനമെടുത്താല്‍ അതിനെ ആരും തടയില്ല. ആ തീരുമാനത്തോടൊപ്പം ശിവസേന മാത്രമല്ല, ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളും ഉണ്ടാകുമെന്നും ഉദ്ധവ്‌ താക്കറേ പറഞ്ഞു.

Support Evartha to Save Independent journalism

രാജ്യത്ത് ശിവസേന/ ബിജെപി – രണ്ട് കൂട്ടരും ഹിന്ദുത്വ ആശയങ്ങളെ ശക്തമാക്കാന്‍ വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനങ്ങളും അത് മനസ്സിലാക്കിയതുകൊണ്ടാണ് രണ്ടാം വട്ടവും മോദി സര്‍ക്കാര്‍ കൂടുതല്‍ എംപിമാരുമായി അധികാരത്തിലെത്തിയത്‌. തെരഞ്ഞെടുപ്പിലെ ജനവികാരം ബഹുമാനിക്കണമെന്നാണ്‌ അതിനര്‍ത്ഥമെന്നും രാമക്ഷേത്രനിര്‍മ്മാണത്തെ സൂചിപ്പിച്ച്‌ താക്കറേ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ച 18 ശിവസേന എംപിമാര്‍ക്കൊപ്പം അയോധ്യയില്‍ സന്ദര്‍ശനത്തിന്‌ എത്തിയതായിരുന്നു ഉദ്ധവ്‌ താക്കറേ. അടുത്ത വര്‍ഷം മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടാണ്‌ ശിവസേന നേതാവിന്റെ അയോധ്യാ സന്ദര്‍ശനമെന്ന ആരോപണം ഉദ്ധവ്‌ താക്കറേ നിഷേധിച്ചു. രാമക്ഷേത്ര നിര്‍മ്മാണം എന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ രാഷ്‌ട്രീയം കലര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.