എൻഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചത് രാമക്ഷേത്രം നിർമ്മിക്കാനെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്

single-img
16 June 2019

2019-ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൻഡീയ്ക്ക് ഭൂരിപക്ഷം ലഭിച്ചത് രാമക്ഷേത്രം നിർമ്മിക്കാനാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിൽ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും റാവത്ത് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

“രാമക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്രെഡിറ്റും എടുക്കാന്‍ ഞങ്ങള്‍ക്ക്(ശിവസേന)താത്പര്യമില്ല. നിര്‍മാണം മോദിയുടെയും യോഗിയുടെയും നേതൃത്വത്തിലായിരിക്കുമെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. ബി ജെ പി നേതൃത്വം നല്‍കിയ എന്‍ ഡി എ 2019ല്‍ മികച്ച ഭൂരിപക്ഷം നേടിയത് രാമക്ഷേത്രം നിര്‍മിക്കാനാണ്.”


റാവത്ത് പറഞ്ഞു.

രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുന്നയിച്ച് ശിവ സേന എം.പിമാര്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കാനിരിക്കെയാന് റാവത്തിന്റെ ഈ പ്രസ്താവന. ബി.ജെ.പിയിലേക്കൊഴുകിയ ഹിന്ദു വോട്ട് തിരിച്ചുപിടിക്കാന്‍ ലക്ഷ്യം വെച്ചാണ് ശിവസേന എം.പിമാര്‍ അയോധ്യ സന്ദര്‍ശിക്കുന്നതെന്നാണ് സൂചന.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നവംബറിൽ അയോധ്യയിലെത്തിയിരുന്ന ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആദ്യമായാണ് ഇങ്ങോട്ടേക്ക് പോകുന്നത്. വിവാദ തർക്ക ഭൂമിയിൽ രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന ആവശ്യമുയർത്തിയാണ് താക്കറെയും സംഘവും അയോധ്യ സന്ദർശിക്കുന്നത്. ഈ സന്ദർശനം വോട്ടിന് വേണ്ടിയല്ലെന്നും വിശ്വാസത്തിന്റെ മാത്രം പേരിലുള്ളതാണെന്നുമാണ് ശിവസേന നേതാക്കൾ വ്യക്തമാക്കിയത്. പാർലമെന്റ് സെഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ അയോധ്യയിലെത്തുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഇവർ വ്യക്തമാക്കിയിരുന്നതാണ്. ഈ വർഷം അവസാനമാണ് മഹാരാഷ്ട്രയിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുക.