കേരള കോൺഗ്രസ് പിളർപ്പിലേയ്ക്ക്: തർക്കം പരിഹരിക്കാൻ കോൺഗ്രസ് നേതാക്കൾ ഇടപെടുന്നു

single-img
16 June 2019

കോട്ടയം: പിളർപ്പിലേയ്ക്ക് നീങ്ങുന്ന കേരള കോണ്‍ഗ്രസ്( എം) തർക്കത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെടുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ജോസഫുമായും ജോസ് കെ മാണിയുമായും ഫോണിൽ സംസാരിച്ചതായി റിപ്പോർട്ട്.

എന്നാൽ ചെയർമാൻ സ്ഥാനത്തിന്‍റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടിൽ തന്നെയാണ് ഇരുപക്ഷവും. പിളർപ്പ് ഒഴിവാക്കണമെന്ന നേതാക്കളുടെ ആവശ്യത്തോട് അനുകൂലമായല്ല ഇരുകൂട്ടരും പ്രതികരിച്ചത്.

ഇതിനിടെ ചെയര്‍മാനെ തിര‍ഞ്ഞെടുക്കാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ബദല്‍ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. യോഗം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിജെ ജോസഫും രംഗത്തെത്തി. വിമത നീക്കം നടത്തിയ ജോസ് കെ മാണിക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് ജോസഫ് വിഭാഗം. യോഗത്തിൽ പങ്കെടുക്കരുതെന്ന് എംഎൽഎമാർക്കും എംപിമാർക്കും പിജെ ജോസഫ് ഇ-മെയിൽ അയച്ചിരുന്നു. ചെയർമാന്‍റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലിൽ പറഞ്ഞു.

ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. 115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പിജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ്  യോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറായതെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. യോഗത്തിന്റെ പ്രധാന അജണ്ട പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുക എന്നതാണ്. യോഗത്തിലേക്ക് പിജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്.

പി ജെ ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാര്‍ട്ടി സ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതുമാണ് ജോസ് വിഭാഗത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍, ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ട് വെട്ടാനാണ് ജോസഫിന്‍റെ നീക്കം. പാര്‍ട്ടി ചെയര്‍മാന്‍റെ അധികാരം ഉപയോഗിച്ച് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കും.

ജോസ് പക്ഷം പാര്‍ട്ടി വിമതരാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. അവസാന ലാപ്പില്‍ ജോസ് പക്ഷത്തേക്ക് മാറിയെങ്കിലും മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് ഇന്നത്തെ സംസ്ഥാന സമിതിയില്‍ പങ്കെടുത്തേക്കില്ല. ഇത് വരെ മൗനം പാലിച്ചിരുന്ന യുഡിഎഫിലും പിളര്‍പ്പ് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സൂചനകൾ.