കേടായ ദോശമാവ് മടക്കി നല്‍കിയപ്പോള്‍ സാഹിത്യകാരൻ ജയമോഹന് മര്‍ദ്ദനം; കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു

single-img
16 June 2019

വീടിന് സമീപത്തുള്ള പലചരക്ക് കടയിൽ നിന്നും വാങ്ങിയ കേടായ ദോശമാവ് മടക്കി നൽകിയ പ്രശസ്ത സാഹിത്യകാരൻ ജയമോഹന് കടയുടമയുടെ മർദ്ദനമേറ്റ സംഭവത്തിൽ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. നാഗർകോവിലിന് സമീപം പാർവതിപുരം ശാരദനഗർ ക്രോസ്‌സ്ട്രീറ്റിൽ താമസിക്കുന്ന ജയമോഹൻ പാർവതിപുരം ജംക്‌ഷനിലുള്ള കൂൾസ്ട്രീറ്റിൽ സെൽവൻ എന്നയാളിന്റെ പലചരക്കുകടയിൽ നിന്നും രണ്ടു കവർ ദോശമാവ് വാങ്ങിയിരുന്നു.

Doante to evartha to support Independent journalism

വീട്ടിലെത്തിയശേഷം കവർ പൊട്ടിച്ചു നോക്കിയപ്പോൾ മാവ് കേടായാതാണെന്നറിഞ്ഞ ജയമോഹൻ കടയിലെത്തി കവർ മടക്കി വാങ്ങാൻ ആവശ്യപ്പെട്ടെങ്കിലും കടയിലുണ്ടായിരുന്ന ഉടമയുടെ ഭാര്യ വിസമ്മതിച്ചു. ഇതേത്തുടർന്ന് വാക്കുതർക്കമുണ്ടാകുകയും ഇതിനിടെ കടയിലെത്തിയ കടയുടമ സെൽവൻ ജയമോഹനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. മർദനത്തിൽ ജയമോഹന്റെ കണ്ണട പൊട്ടി.

ജയമോഹനെ പിന്തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ കടയുടമ മദ്യലഹരിയിൽ ജയമോഹന്റെ കുടുംബാംഗങ്ങളെയും അസഭ്യം പറയുകയും വീട്ടിനുള്ളിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയും ചെയ്തു.

ജയമോഹൻ നേശമണിനഗർ പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് സെൽവനെ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ പരുക്കേറ്റ ജയമോഹൻ ആശാരിപ്പള്ളം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.