‘ഒച്ച ഉണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയൂ’; സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെ മോഹന്‍ലാലിന് ആര്‍പ്പുവിളിച്ച ആരാധകര്‍ക്ക് പിണറായിയുടെ വിമര്‍ശനം

single-img
16 June 2019

പാലക്കാട് ജില്ലയിലെ നെൻമാറയില്‍ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെ മോഹൻലാലിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ചടങ്ങിന്റെ ഉദ്ഘാടകൻ മുഖ്യമന്ത്രിയും വിശിഷ്ടാതിഥി മോഹന്‍ലാലും ആയിരുന്നു. ഇരുവരും ഒരുമിച്ചാണ് വേദിയിലെത്തിയത്.

മോഹൻലാൽ എത്തുന്നത് അറിഞ്ഞ് ലാല്‍ ആരാധകരുടെ വലിയ കൂട്ടം തന്നെ ആശുപത്രി ഉദ്ഘാടനത്തിനെത്തിയിരുന്നു. ഇവര്‍ മോഹൻലാലിനെ കണ്ട നിമിഷം മുതൽ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ചടങ്ങുകള്‍ ആരംഭിച്ച് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹൻലാലിന് വേണ്ടിയുള്ള ആരാധകരുടെ ബഹളം അവസാനിച്ചിരുന്നില്ല.

തന്റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയ ശേഷമാണ് പിണറായി വിജയൻ മോഹൻലാൽ ആരാധകരെ വിമര്‍ശിച്ചത്. ‘ഒച്ച ഉണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാൻമാരല്ല എന്നായിരുന്നു മോഹൻലാലിനെ വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോടെ സദസ്സ് നിശബ്ദമായി.

തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിട്ടു. പിന്നാലെ സംസാരിച്ച മോഹൻലാല്‍ തന്റെ സംഭാഷണത്തില്‍ സംഭവം പരാമര്‍ശിച്ചതേ ഇല്ല.