കഴിഞ്ഞ 5 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 43 പൊലീസുകാർ

single-img
16 June 2019

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ ആത്മഹത്യാ നിരക്ക് വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 5 വർഷത്തിനിടയിൽ 43 പൊലീസുകാർ ആത്മഹത്യ ചെയ്തതതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Support Evartha to Save Independent journalism

ഏറ്റവും കൂടുതൽ പൊലീസുകാർ ആത്മഹത്യ ചെയ്തത് 2017-ലാണ്. മൊത്തം 14 പൊലീസുകാരാണ് 2017-ൽ മാത്രം ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. 2018ലെ കണക്കെടുപ്പ് ഇപ്പോഴും പൂർത്തിയാകാത്തതിനാൽ 2 പേർ ജീവനൊടുക്കിയെന്നാണ് കണക്കിലുള്ളത്. ആത്മഹത്യകളുടെ എണ്ണം കൂടുന്നെങ്കിലും പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും അവർ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങളും ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനം നിലവിലില്ല.

എറണാകുളത്ത് എസ്ഐ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദത്തെക്കുറിച്ച് പഠിക്കാൻ ഡിജിപി സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഈ സമിതിയുടെ റിപ്പോർട്ടിൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ജോലി സ്ഥലത്തിനു പുറത്തെ സമ്മർദം അതിജീവിക്കാൻ ഉദ്യോഗസ്ഥനു കഴിയുമെങ്കിലും ജോലി സ്ഥലത്തെ സമ്മർദം ഒഴിവാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടതെന്ന് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു പറഞ്ഞു.

ജോലി സമ്മർദം കൂടുതലുള്ള തൊഴിൽ മേഖലയാണ് പൊലീസിന്റേത്. സമ്മർദങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി എല്ലാ ഉദ്യോഗസ്ഥർക്കും ഉണ്ടാകണമെന്നില്ല. ഡിജിപി മേയ് ആദ്യവാരം വിളിച്ചുചേർത്ത സ്റ്റാഫ് കൗൺസിൽ യോഗത്തിലും ഉദ്യോഗസ്ഥരുടെ ജോലിഭാരം ചർച്ച ചെയ്തിരുന്നു. ജോലി സമ്മർദം കുറയ്ക്കുന്നതിന് നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.