രണ്ടില പിളർന്ന് രണ്ടായി: സമാന്തരയോഗം ജോസ് കെ മാണിയെ ചെയർമാനാക്കി

single-img
16 June 2019

കോട്ടയം: അധികാരത്തർക്കത്തിനൊടുവിൽ കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍ന്നു. കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തു. മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്റ്റിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശത്തെ സമിതി ഒന്നാകെ പിന്താങ്ങുകയായിരുന്നു.

പാര്‍ട്ടി ചെയര്‍മാനായ പിജെ ജോസഫിന്‍റെ അംഗീകരമില്ലാതെ വിളിച്ചു ചേര്‍ത്തതാണ് സംസ്ഥാന സമിതിയോഗം എന്നതിനാല്‍ കേരള കോണ്‍ഗ്രസിന്‍റെ പിളര്‍പ്പിലേക്കാണ് കാര്യങ്ങള്‍ ചെന്നു നില്‍ക്കുന്നത്. സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലം പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്. ഇതോടെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ നീണ്ട നിയമപോരാട്ടം തന്നെയാവും ഇനി നടക്കുക.

437 അംഗ സംസ്ഥാന സമിതിയിൽ 325 പേരും പങ്കെടുത്തെന്ന് ജോസ് പക്ഷം അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും തീരുമാനത്തെ അംഗീകരിച്ചു. മൂന്ന് എംഎൽഎമാർ പി.ജെ.ജോസഫിനൊപ്പമാണ്. രണ്ടു പേർ ജോസ് പക്ഷത്തും. സംസ്ഥാന സമിതി തീരുമാനത്തിൽ കെ.എം.മാണിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു.

കെ.എം മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിനെ പിളര്‍ത്തിയത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം പി.ജെ ജോസഫ് അംഗീകരിക്കാത്തതിനാല്‍ ജോസ് കെ മാണി വിഭാഗം ബദല്‍ യോഗം വിളിക്കുകയായിരുന്നു.