ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആൾക്കൂട്ടം; അതിനെ അംഗീകരിക്കാനാവില്ല: പിജെ ജോസഫ്

single-img
16 June 2019

കേരളാ കോണ്‍ഗ്രസ് പിളര്‍ന്നെന്ന് പി ജെ ജോസഫ്. എന്നാല്‍ പിളര്‍ന്നവരുടെ കൂടെ ആളില്ലെന്ന് തെളിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് കോട്ടയത്ത് ചേർന്ന യോഗം പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണ്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പത്ത് ദിവസത്തെ നോട്ടീസ് നല്‍കാതെ പ്രധാന നേതാക്കള്‍ പങ്കെടുക്കാതെ ചേര്‍ന്ന യോഗം അനധികൃതമാണെന്നും സമാന്തരയോഗം വിളിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും പി ജെ ജോസഫ് പറഞ്ഞു.

ഇപ്പോള്‍ കൈക്കൊണ്ട യോഗതീരുമാനങ്ങൾ നിലനിൽക്കില്ല. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ആള്‍ക്കൂട്ടമാണ്. ആ തീരുമാനത്തെ അംഗീകരിക്കാനാവില്ല. പാര്‍ട്ടിയില്‍ നിന്നും ജോസ് കെ മാണി വിഭാഗം പുറത്ത് പോയിക്കഴിഞ്ഞെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സംസ്ഥാനസമിതിയില്‍ ഭൂരിപക്ഷം പേരും ജോസ് കെ മാണി വിഭാഗത്തോട് ഒപ്പമാണെങ്കിലം പാര്‍ട്ടി എംഎല്‍എമാരില്‍ കൂടുതല്‍ പേരും ജോസഫ് പക്ഷത്താണ്.

ഇനി പാര്‍ട്ടിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ നീണ്ട നിയമപോരാട്ടം തന്നെയാവും നടക്കുക. സി എഫ് തോമസിനെ പോലെ മുതിർന്ന നേതാക്കളും ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനും ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇന്ന് കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്‍റുമാര്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി ജില്ലാ പ്രസിഡന്റുമാര്‍ വിട്ടുനിന്നു.