‘ഓപറേഷൻ സൺറൈസ്’ ; ഭീകരവാദ ക്യാമ്പുകള്‍ തകര്‍ത്ത് അതിര്‍ത്തിയില്‍ ഇന്ത്യ–മ്യാൻമാർ സൈന്യത്തിന്റെ സംയുക്ത നീക്കം

single-img
16 June 2019

1640 കിമി ദൂരം വരുന്ന അതിര്‍ത്തിയില്‍ ഭീകര ക്യാംപുകൾ തകർത്ത് ഇന്ത്യ–മ്യാൻമാർ സൈന്യത്തിന്റെ സംയുക്ത നീക്കം. ‘ഓപറേഷൻ സൺറൈസ്’ എന്ന്‍ പേരിട്ട സൈനിക നടപടിയിലൂടെയായിരുന്നു ക്യാംപുകൾ തകർത്തത്. കഴിഞ്ഞ മാസം 16 മുതൽ മൂന്നാഴ്ച നീണ്ട നടപടിയിൽ ഇതുവരെയായ് എഴുപതോളം ഭീകരരെ അറസ്റ്റ് ചെയ്തു.

നേപ്പാളുമായി അതിര്‍ത്തിയുള്ള മണിപ്പുർ, നാഗാലാൻഡ്, അസം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിലുള്ള ഭീകരക്യാംപുകളാണു തകർത്തത്. അതിര്‍ത്തിയിലെ ഭീകര സംഘടനകളായ കംതപുർ ലിബറേഷൻ ഓർഗനൈസേഷൻ(കെഎൽഒ), എൻഎസ്‌സിഎൻ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഐ), നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്(എൻഡിഎഫ്ബി) എന്നിവരുടെ ക്യാംപുകളും കേന്ദ്രങ്ങളുമാണ് പ്രധാനമായും തകർത്തത്.

ഏകദേശം അൻപതോളം ഭീകര ക്യാംപുകൾ ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ അസം റൈഫിൾസും സൈനിക നടപടിയിൽ പങ്കെടുത്തു. ഓപറേഷൻ സൺറൈസിന്റെ ഒന്നാം ഘട്ടം നടത്തിയത് മൂന്നുമാസം മുൻപായിരുന്നു. അറാക്കൻ ആർമി പ്രക്ഷോഭകാരികളെയാണ് അന്ന് തുരത്തിയത്. ഇത് രണ്ടാം ഘട്ടമായിരുന്നു. ലഭ്യമായ കൂടുതൽ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ടം ആരംഭിക്കുമെന്നും സൈന്യം അറിയിച്ചു.