എക്സ് എംപി ബോർഡ് വാഹനം എ സമ്പത്തിന്റേതാണെന്ന് വിടി ബൽറാമും കോണ്‍ഗ്രസ് മാധ്യമമായ ജയ് ഹിന്ദ് ടിവിയും; ചിത്രം വ്യാജമെന്ന് എ സമ്പത്ത്

single-img
16 June 2019

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘എക്‌സ് എംപി ബോര്‍ഡ്’ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ എം പി എ. സമ്പത്ത്. ഇത്തരത്തില്‍ എക്‌സ് എംപി ബോര്‍ഡുമായി താന്‍ ഇത് വരെ യാത്ര ചെയ്തിട്ടില്ലെന്നും ചിലപ്പോള്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം വ്യാജമായിരിക്കാം എന്നും എ സമ്പത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രതികരിച്ചു.

ചിത്രങ്ങളിലുള്ള KL-01, BR-657 എന്ന നമ്പരിലുള്ള Ex.MP’ എന്ന് എഴുതിയ ബോര്‍ഡ് ഘടിപ്പിച്ചിരിക്കുന്ന വാഹനം എ സമ്പത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റ് പറയുന്നത്. അതേസമയം കാറിന്റെ ഉടമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നാന്ന്‍ പറഞ്ഞുകൊണ്ട് വി ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.’- എന്നായിരുന്നു ബല്‍റാം ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്. കോണ്‍ഗ്രസിന്റെ മാധ്യമമായ ജയ് ഹിന്ദ് ടി വി ഓണ്‍ലൈന്‍ ഇക്കാര്യം ഉറപ്പിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തു.