Breaking News, Kerala

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ വാസുദേവൻ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ബൈജു കെ വാസുദേവൻ അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി അതിരപ്പിള്ളി വന മേഖലയിൽ വച്ചായിരുന്നു മരണം. ഉയരമുള്ള മരത്തിൽ നിന്ന് വീണാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം എന്ന് അതിരപ്പിള്ളി പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടതിനായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ അച്ഛൻ മരിച്ച വേഴാമ്പൽ കുഞ്ഞിന് പോറ്റച്ഛനായ ബൈജു അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. കൂട്ടില്‍ അവശേഷിച്ച ഇണയ്‌ക്കും കുഞ്ഞിനും ദിവസവും ഭക്ഷണമെത്തിച്ച പോറ്റച്ഛനായിരുന്നു അതിരപ്പിള്ളിയിലെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബൈജു കെ വാസുദേവന്‍.

ആ സ്‌നേഹത്തിന്റെ കഥ ഇങ്ങനെയാണ്…

ഒരു ബുധനാഴ്ചയാണ് തന്റെ പതിവു നിരീക്ഷണങ്ങള്‍ക്കിടയില്‍ റോഡരുകില്‍ ഒരു ആണ്‍വേഴാമ്പല്‍ ചത്തു കിടക്കുന്നത് ബൈജുവിന്റെ ശ്രദ്ധയില്‍ പെടുന്നത്. ചത്തിട്ട് ഏകദേശം രണ്ടു ദിവസമെങ്കിലുമായിട്ടുണ്ടാകും. ചിറകടിക്കാതെ താഴ്ന്നു പറന്നപ്പോള്‍ പാഞ്ഞു പോയ ഏതെങ്കിലും വാഹനം തട്ടിയാവാം പക്ഷി ചത്തത് എന്ന് ബൈജു ഊഹിച്ചു. ആ സമയം ആണ്‍വേഴാമ്പലിന്റെ കൊക്കില്‍ നിറയെ തന്റെ ഇണക്കും കുഞ്ഞിനുമായി കരുതിയ പഴങ്ങളുണ്ടായിരുന്നു.വേഴാമ്പലുകളുടെ ജീവിതക്രമം അറിയാവുന്നവര്‍ക്കറിയാം, തീറ്റതേടിപ്പോയ ആണിനു ആപത്തുണ്ടായാല്‍ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ വിശന്ന് വിശന്ന് അതിന്റെ വിധിക്ക്‌ കീഴ്‌പ്പെടുമെന്ന്‌. വേഗം തന്നെ കിളിയുടെ കൂടന്വേഷിച്ച്‌ ബൈജു കാടുകയറി.

വനപാലകര്‍ക്കൊപ്പം ബൈജുവിന്റെ സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ്‌ തട്ടേക്കാടും ഒപ്പം ചേര്‍ന്നു. താഴ്ന്നു പറന്ന വേഴാമ്പലിന്റെ കൂട്‌ ആ പരിസരത്തുതന്നെയാകുമെന്ന സുധീഷിന്റെ അനുഭവസമ്പത്തായിരുന്നു അന്വേഷണത്തിനു സഹായകരമായത്. തുടര്‍ന്നുള്ള രണ്ടു ദിവസത്തെ തിരച്ചില്‍ കൊണ്ടാണ് അവര്‍ക്ക് കൂടു കണ്ടെത്താനായത്. കൂട്ടില്‍ നിന്നും നന്നേ ചെറുതായ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.

ദൂരെ നിന്നും ഇതുകേട്ട വനത്തിലെ മുതിര്‍ന്ന വേഴാമ്പലുകള്‍ കൂടിനോടടുക്കുന്നുമുണ്ടായിരുന്നു. ഇവ ആ കുഞ്ഞിനും അമ്മയ്‌ക്കും ഭക്ഷണം എത്തിച്ചേക്കാം എന്ന ധാരണയില്‍ അവര്‍ നിരീക്ഷിച്ചു. പക്ഷെ ഇളംകുഞ്ഞുങ്ങളുമായി അതേ മരത്തില്‍ കൂടു കൂട്ടിയിരുന്ന മൈനകള്‍ ശത്രുക്കളെന്ന് കണ്ട്, ആ വന്ന വേഴാമ്പലുകളെയെല്ലാം ആക്രമിച്ചു പറത്തി. താഴെ ഒടുവില്‍ വലിയൊരു മുളയേണി വെട്ടികൊണ്ടുവന്ന് മരത്തില്‍ക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ കവാടത്തിലേക്ക്‌ ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ബൈജു നല്‍കി. കിട്ടിയപാടെ ആ ഇത്തിരിക്കുഞ്ഞിനു അമ്മക്കിളി അത്‌ കൈമാറുകയും ചെയ്തു.

അടുത്ത നാലു ദിവസമെങ്കിലും നീണ്ട പട്ടിണിക്കൊടുവില്‍ അന്ന് ഉച്ചയ്‌ക്ക്‌ വയര്‍ നിറയെ ഭക്ഷണം കഴിച്ച ആ കുഞ്ഞ്‌ വൈകിട്ട്‌ 5 വരെ ഉറങ്ങി എന്നതും കൂടി അറിഞ്ഞാലേ അതനുഭവിച്ച വിശപ്പും ദാഹവും മനസിലാകൂ. തുടര്‍ന്ന് ഓരോ മണിക്കൂറും ബൈജു നല്‍കി. അത്തിപ്പഴവും മറവന്‍ പഴവും ആഞ്ഞിലിപഴവുമൊക്കെയാണ് ശേഖരിച്ചു നല്‍കിയിരുന്നത്.