ദില്ലി: ആന്‍റണിയെ വിമര്‍ശിക്കുന്നവര്‍ കോണ്‍ഗ്രസിന്‍റെ ശത്രുക്കളാണെന്ന് നിയുക്ത എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷ്. എ കെ ആന്റണിയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി എന്ന തരത്തിൽ നടക്കുന്ന സൈബർ ആക്രമണം അംഗികരിക്കാനാകില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

മുതിർന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന നടപടി പാർട്ടിയിൽ ഒരു വിഭാഗം നടത്തുന്നുണ്ട്. കുറേ കാലമായി ഇത് തുടരുന്നുണ്ട്. പി സി ചാക്കോ, കെ വി തോമസ് തുടങ്ങിയവര്‍ക്കെതിരെ എല്ലാം നീക്കം നടന്നു. ഇത്തരക്കാർക്കെതിരെ പാർട്ടി നടപടി എടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

എ.കെ ആന്‍റണിക്ക് നേരെ നടന്ന സൈബർ ആക്രമണം പാർട്ടിക്കുള്ളിലെ ചിലർ സംഘടിതമായി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. പാർട്ടിയിലെ ചില സോപ്പു കുട്ടന്മാരും അമുൽ ബേബിമാരും മുതിർന്ന നേതാക്കളെ നവ മാധ്യമങ്ങൾ വഴി ആക്രമിക്കുന്നു. എ.കെ ആന്‍റണിയെ പോലെ മുതിർന്ന നേതാക്കളെ ആക്രമിക്കുന്ന ഇവർ പാർട്ടിയുടെ ശത്രുക്കളാണെന്നും മുതിർന്ന നേതാക്കളെ ഉന്മൂലം ചെയ്യനാണ് ഇവരുടെ ശ്രമമെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.