അജാസിൽ നിന്നും നിരന്തര ശല്യമുണ്ടായിരുന്നു: കൊല്ലപ്പെട്ട സൌമ്യയുടെ മകൻ

single-img
16 June 2019

വള്ളികുന്നം: മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിപിഒ സൗമ്യയ്ക്ക് അജാസില്‍ നിന്ന് നിരന്തരം ശല്യമുണ്ടായിരുന്നുവെന്ന് സൗമ്യയുടെ മകന്റെ മൊഴി. മൂത്ത മകന്‍ ഋഷികേശാണ് മൊഴി നല്‍കിയത്.

അജാസ് നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു.  തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലീസിനോട് ഈ കാര്യങ്ങള്‍ പറയണമെന്ന് അമ്മ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നും സൗമ്യയുടെ 12 വയസ്സുള്ള മകന്‍ ഋഷികേഷ് മൊഴി നല്‍കി. അജാസില്‍ നിന്ന് ആക്രമണമുണ്ടാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്ന് സൗമ്യ മുന്‍കൂട്ടി കണ്ടിരുന്നുവെന്ന സൂചനയാണ് ഈ മൊഴി നൽകുന്നത്.

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നടക്കും. ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.

കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ.

തൃശ്ശൂരില്‍ പോലീസ് സേനയിലെ പരിശീലന കാലത്ത് തുടങ്ങിയതാണ് സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദം. ആറ് വര്‍ഷത്തെ സൗഹൃദം തകര്‍ക്കുന്ന രീതിയിലുള്ള എന്തോ സംഭവിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അജാസിന്റെ മൊഴിയെടുത്താലേ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. സൗമ്യയെ കൊല്ലാനുറച്ച് കൊണ്ട് വള്ളികുന്നത്ത് അജാസ് എത്തിയത് എളമക്കരയില്‍ നിന്ന് വാടകക്കെടുത്ത കാറിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.